പദ്ധതി നിർവഹണം: രാമനാട്ടുകര നഗരസഭ ഒന്നാമത്​

കോഴിക്കോട്​: പദ്ധതി നിർവഹണത്തില്‍ രാമനാട്ടുകര നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ആറാം സ്ഥാനവും നേടി. 2021 -22 വര്‍ഷം അനുവദിച്ചുകിട്ടിയ വികസന ഫണ്ടുകൾ പൂർണമായും ചെലവഴിച്ചാണ് നഗരസഭ നേട്ടം കൈവരിച്ചത്. ആരോഗ്യമേഖലക്കും പാര്‍പ്പിട മേഖലയ്ക്കും പ്രാധാന്യം നല്‍കി ഏറ്റെടുത്ത എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നഗരസഭക്ക്​ സാധിച്ചു. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കല്‍, നഗരസഭയിലെ വിവിധ റോഡുകളുടെ നിർമാണം, ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികള്‍, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റിവ്, കാലിത്തീറ്റ സബ്സിഡി വിതരണം, നെൽകർഷകർക്ക് സബ്സിഡി, ചട്ടിയിൽ പച്ചക്കറി വിത്ത് വിതരണം, പി.എം.എ.വൈ ഭവന പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്, ഉപകരണ വിതരണം, പട്ടിക ജാതി -വികസന ഫണ്ടിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകൽ, വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും പഠനോപകരണങ്ങളും നൽകൽ, മാലിന്യ സംസ്‌കരണരംഗത്ത് ഏവര്‍ക്കും മാതൃകയാക്കാവുന്ന രീതിയിൽ എം.ആര്‍.എഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി ഏറ്റെടുത്ത് നടത്തിയത്. ജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതിനുള്ള ഉപഹാരം ജില്ല കലക്ടർ ഡോ. എൻ. തേജ്​ ലോഹിത്​ ​റെഡ്ഡി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ശശി എന്നിവരിൽ നിന്ന്​ നഗരസഭ ചെയർപേഴ്സൻ ബുഷ്‌റ റഫീഖ്, സെക്രട്ടറി പി.ജെ. ജെസിത, വൈസ് ചെയർമാൻ കെ. സുരേഷ് കുമാർ തുടങ്ങിയവർ ചേർന്ന്​ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.