സംസ്ഥാന ഒളിമ്പിക് വോളിബാൾ ചാമ്പ്യൻഷിപ് ഒന്നു മുതൽ

വടകര: സംസ്ഥാന പുരുഷ-വനിത ഒളിമ്പിക് വോളിബാൾ ചാമ്പ്യൻഷിപ് മേയ് ഒന്ന് മുതൽ ഏഴുവരെ മൂരാട് ഓയിൽമിൽ സ്റ്റോപ്പിന് സമീപം തയാറാക്കിയ 'വൺ ടൂ ത്രി എസോറിയം ഫ്ലഡ്ല് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന ജില്ല വോളിബാൾ അസോസിയേഷനുകളുടെ സഹകരണത്തോടെ മൂരാട് യുവശക്തിയുടെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽനിന്നുള്ള പുരുഷ ടീമും 13 വനിത ടീമുകളും ചാമ്പ്യൻഷിപ്പിൽ നോക്കൗട്ട് അടിസ്ഥാനത്തിൽ മത്സരിക്കും. 3000 പേർക്ക് കളികാണാൻ ഗാലറിയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 1000 പേർക്കിരുന്ന് കളികാണാൻ കസേരയും ഒരുക്കിയിട്ടുണ്ട്. പാസ് മൂലമാണ് സ്റ്റേഡിയത്തിൽ പ്രവേശനം. ഗാലറിയിൽ സ്ത്രീകൾക്കായി പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്തും പുറത്തും കാന്റീൻ സൗകര്യവും ഓർഗനൈസിങ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. കാനത്തിൽ ജമീല എം.എൽ.എ ചെയർപേഴ്സനും പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ്, കെ.കെ. ഗണേശൻ (ജന. കൺവീനർ) തുടങ്ങിയവർ ഉൾപ്പെടെ 251 അംഗ സ്വാഗതസംഘം രൂപവത്കരിച്ച് ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുകയാണ്. മത്സരം വൈകീട്ട് അഞ്ചിന് ആരംഭിക്കും. പുരുഷ വനിത വിഭാഗങ്ങളിൽ നിത്യേന നാല് മത്സരങ്ങൾ വീതം നടക്കും. മേയ് ആറിന് രണ്ട് സെമി ഫൈനൽ മത്സരങ്ങളും ഏഴിന് ഫൈനൽ മത്സരങ്ങളും നടക്കും. ചാമ്പ്യൻഷിപ്പിലെ പുരുഷവിഭാഗം ജേതാക്കൾക്ക് മുൻ ഒളിമ്പ്യൻ ഇരിങ്ങൽ പപ്പൻ സ്മാരക ട്രോഫിയും റണ്ണർഅപ്പിന് മുൻ ചോറോട് പഞ്ചായത്ത് പ്രസിഡന്റ് എ. അബൂബക്കർ സ്മാരക ട്രോഫിയും വനിതാവിഭാഗം ചാമ്പ്യന്മാർക്ക് എസ്.വി. അബ്ദുറഹ്മാൻ മാസ്റ്റർ സ്മാരക ട്രോഫിയും റണ്ണർഅപ്പിന് കെ. ശശീന്ദ്രൻ സ്മാരക ട്രോഫിയും നൽകും. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർപേഴ്സൻ ജമീല കാനത്തിൽ എം.എൽ.എ, ഒളിമ്പിക് അസോസിയേഷൻ ജില്ല സെക്രട്ടറി സി. സത്യൻ, ജില്ല വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത്, ജനറൽ കൺവീനർ കെ.കെ. ഗണേശൻ, വൈസ് ചെയർമാൻ വി.കെ. നാസർ, യുവശക്തി പ്രസിഡന്റ് വി.കെ. ബിജു, സെക്രട്ടറി കെ.കെ. രമേശൻ, ജില്ല റഫറീസ് ബോർഡ് കൺവീനർ സി.വി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.