ജീവനക്കാർ വിഷു ആഘോഷിച്ചു; സൂപ്പർ സ്​പെഷാലിറ്റിയിൽ കാഷ്​ കൗണ്ടർ അടച്ചിട്ടു

കോഴിക്കോട്​: ജീവനക്കാർ വിഷു ആഘോഷിച്ചപ്പോൾ മെഡിക്കൽ കോളജ്​ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയിലെ കാഷ്​ കൗണ്ടർ അടച്ചി​ടേണ്ടിവന്നു. ജീവനക്കാർ മറ്റു​ സംവിധാനങ്ങൾ ഒരുക്കാതെ വിഷുവിന്​ അവധി എടുത്തതാണ്​ രോഗികൾക്ക്​ ബുദ്ധിമുട്ടായത്​. സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയിൽ ചികിത്സക്ക്​ വരുന്ന രോഗികൾക്ക്​ എം.ആർ.ഐ സ്കാനിങ്​, എക്കോ, എക്സ്​റേ, ഡിസ്​ചാർജ്​ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക്​ പണമടക്കേണ്ടിവരും. കാഷ്​ കൗണ്ടർ പ്രവർത്തിക്കാതായതോടെ പണമടക്കുന്നതിനായി എൻ.എം.സി.എച്ച്​ വരെ പോകേണ്ടിവന്നു. ഹൃദ്രോഗികൾ, വൃക്കരോഗികൾ, ഡയാലിസിസ്​ ചെയ്യുന്നവർ തുടങ്ങി ഗുരുതര പ്രശ്നങ്ങൾ അലട്ടുന്ന രോഗികളാണ്​ പണമടക്കുന്നതിനായി ബുദ്ധിമു​ട്ടേണ്ടിവന്നത്​. പണമടക്കുന്നതിന്​ യുനീക്​ ഹെൽത്ത്​ ഐഡന്‍റിഫിക്കേഷൻ നമ്പർ ആവശ്യമാണ്​. ഒ.പി ടിക്കറ്റിൽ ഈ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ, പണമടക്കാൻ യു.എച്ച്​.ഐ.ഡി നമ്പർ വേണമെന്ന കാര്യം പലർക്കും അറിയില്ല. ഒ.പി ടിക്കറ്റ്​ എടുക്കാതെ പണമടക്കാൻ വന്നപ്പോഴാണ്​ നമ്പർ വേണ​മെന്ന്​ അറിഞ്ഞത്​. വീണ്ടും സൂപ്പർ സ്​പെഷാലിറ്റി ആശുപത്രി വരെ പോ​യി ഒ.പി ടിക്കറ്റുമായി വരേണ്ട സ്​ഥിതിയായിരുന്നു. ഒരു കാഷ്​ കൗണ്ടർ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയിൽ തന്നെ പ്രവർത്തിച്ചാൽ രോഗികളുടെയും ബന്ധുക്കളുടെയും ബുദ്ധിമുട്ട്​ കുറയുമായിരുന്നുവെന്നും ഇനിവരുന്ന ആഘോഷ ദിവസങ്ങളിലെങ്കിലും അധികൃതർ ഇക്കാര്യം ചിന്തിക്കണമെന്നും രോഗികൾ പറഞ്ഞു. അവധി ദിനങ്ങളിൽ മെഡിക്കൽ കോളജിലെ കാഷ്​ കൗണ്ടർ പ്രവർത്തിക്കുന്നതിനാലാണ്​ സൂപ്പർ സ്​പെഷാലിറ്റിയിൽ ഒഴിവു നൽകിയതെന്നും ജീവനക്കാർ കുറവായിരുന്നെന്നുമാണ്​ ആശുപത്രി അധികൃതർ പറയുന്നത്​. നിലവിൽ സൂപ്പർ സ്​പെഷാലിറ്റിയിൽനിന്ന്​ മെഡിക്കൽ കോളജിലേക്ക്​ റോഡുവഴി പോകേണ്ട ആവശ്യമില്ലെന്നും ആകാശപാത ഉള്ളതിനാൽ പണമടക്കാൻ അതുവഴി പോകാവുന്നതാണെന്നും അധികൃതർ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.