‘പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു, വാക്കുകൾക്കതീതമായ നന്ദി..’ -എം.കെ. മുനീർ

കോഴിക്കോട്: ​ലോണടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തിഭീഷണിയിലായ വീടിന്റെ കടബാധ്യത തീർത്ത പാർട്ടിക്കും സുമനസ്സുകൾക്കും വാക്കുകൾക്കതീതമായ നന്ദി പറഞ്ഞ് മുസ്‍ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ. ‘പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാൻ പങ്കുവെക്കുന്നു. സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവർത്തി കൂടി ഞാൻ വായിച്ചിരിക്കുന്നു, അനുഭവത്തിലൂടെ. സ്നേഹം മാത്രം..’ -ഫേസ്ബുക് കുറിപ്പിൽ മുനീർ പറഞ്ഞു.

‘എനിക്ക് ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തിൽ വീടിന്റെ കടബാധ്യതയിൽ നിന്നും മോചിപ്പിച്ച എന്റെ പാർട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാൻ കടപ്പെട്ടിരിക്കുന്നു. കുറെയധികം സുമനസ്സുകൾ ഹൃദയത്തിൽ പ്രാർത്ഥനയോടെ ഞങ്ങളിലേക്ക് സ്നേഹം ചൊരിഞ്ഞു. “നന്ദി” എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീർക്കാൻ സാധിക്കില്ല എന്നെനിക്കറിയാം. എല്ലാവരും സ്നേഹവാക്കുകളും പ്രാർത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സന്തോഷമാണ് പകർന്നു നൽകുന്നത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയും ചെയ്യുന്നു’ -അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കിഴക്കേ നടക്കാവിലെ മുനീറിന്റെ ക്രസന്റ് ഹൗസ് എന്ന വീടാണ് ജപ്തി ഭീഷണി നേരിട്ടത്. വീട് നവീകരണത്തിനായി കോഴി​ക്കോട് ടൗൺ സർവിസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശയടക്കം 58 ലക്ഷം രൂപയിലെത്തി. ഒടുവിൽ 49 ലക്ഷം രൂപ അടച്ചാൽ ബാധ്യത ഒഴിവാക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇതാണ് മുസ്‍ലിം ലീഗ് നേതൃത്വം അടച്ചുതീർത്തത്. ഇതോടെ ജപ്തി ഭീഷണി ഒഴിവായി.

വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചതായി മുനീർ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. പല വ്യക്തികളും സഹായം വാഗ്ദാനം ചെയ്തു. വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കില്ല എന്നതാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഇതുവരെ അവരോട് ഞാൻ പറഞ്ഞിട്ടില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, അവരോട് പറയാതിരുന്നതാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചാണ്. പാർട്ടി ഇപ്പോഴാണ് അറിയുന്നത്. രണ്ടു പേരും വിളിച്ചിരുന്നു. 31വരെ ബാങ്ക് അവധി തന്നിരുന്നു. അതിനകം അടച്ചില്ലെങ്കിൽ നടപടിയുണ്ടാകും. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കിൽ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്’ -മുനീർ മാധ്യമങ്ങളോട് പറഞ്ഞു. എം.എൽ.എ എന്ന നിലക്കും മന്ത്രി എന്ന നിലക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. പിതാവിന് ശേഷം തന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണെന്നും മുനീർ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

വാക്കുകൾക്കതീതം....

‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി.

എനിക്ക് ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തിൽ വീടിന്റെ കടബാധ്യതയിൽ നിന്നും മോചിപ്പിച്ച എന്റെ പാർട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാൻ കടപ്പെട്ടിരിക്കുന്നു.

ഈ വാർത്തകൾ പുറത്തുവന്നപ്പോൾ കുറെയധികം സുമനസ്സുകൾ ഹൃദയത്തിൽ പ്രാർത്ഥനയോടെ ഞങ്ങളിലേക്ക് സ്നേഹം ചൊരിഞ്ഞു. “നന്ദി” എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീർക്കാൻ സാധിക്കില്ല എന്നെനിക്കറിയാം.

എന്റെ സഹപാഠികൾ, എന്റെ ഉറ്റ മിത്രങ്ങൾ, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളവർ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ, എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ, കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദേശത്തുള്ളവർ, സ്വദേശത്തുള്ളവർ എല്ലാവരും സ്നേഹവാക്കുകളും പ്രാർത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സന്തോഷമാണ് പകർന്നു നൽകുന്നത്.

നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേർത്തുവെക്കലായി ഞാൻ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയും ചെയ്യുന്നു.

വാർത്താ മാധ്യമങ്ങൾ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകൾക്കും നന്ദി.

പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാൻ പങ്കുവെക്കുന്നു. സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവർത്തി കൂടി ഞാൻ വായിച്ചിരിക്കുന്നുഅനുഭവത്തിലൂടെ.

സ്നേഹം മാത്രം..

ഡോ. എം. കെ. മുനീർ

Tags:    
News Summary - mk muneer thanks muslim league for Clearing a housing loan foreclosure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.