സിറാജ് മേൽപാലം തുരങ്കപാത പദ്ധതി: എൽ.ഡി.എഫ് അസത്യം പരത്തുന്നു

കൊടുവള്ളി: ഒന്നാം പിണറായി സർക്കാർ അനുവദിച്ച കൊടുവള്ളി സിറാജ് മേൽപാലം തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഉയർന്നുവന്ന ആശങ്കകൾക്ക് പരിഹാരം കാണാതെ പദ്ധതി തകർക്കാൻ ഇപ്പോഴത്തെ എം.എൽ.എ ശ്രമിക്കുന്നു എന്ന് ആരോപണം ഉന്നയിക്കുന്ന എൽ.ഡി.എഫ് അസത്യം പരത്തുകയാണെന്ന് മുസ്‌ലിംലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ആറുവർഷം മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ചുവർഷം ഭരണപക്ഷ എം.എൽ.എ ഉണ്ടായിട്ടും വ്യക്തത വരുത്താതെ ഇപ്പോഴത്തെ എം.എൽ.എ ഡോ. എം.കെ. മുനീറിനെ പഴിചാരുന്നത് അപഹാസ്യമാണ്. പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ എതിർപ്പുമായി വന്നതും പരാതി നൽകിയതും കുന്ദമംഗലം എം.എൽ.എയുടെ ബന്ധുക്കളും എം.എൽ.എ ഭാരവാഹിയായ കമ്മിറ്റികളുമാണ്. കൊടുവള്ളി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി ജനങ്ങളെ ബാധിക്കാത്ത ഏതു പദ്ധതിക്കും മുസ്‌ലിം ലീഗ് അനുകൂലമാണ്. ടൗണിനെ കീറിമുറിക്കുന്ന നിർദിഷ്ട തുരങ്കപാത അശാസ്ത്രീയതകൾ നിറഞ്ഞതും ഒഴിവാക്കേണ്ടതുമാണ്. കിഫ്‌ബി അധികൃതരെയും സംസ്ഥാന സർക്കാറിനെയും വിഷയം ധരിപ്പിച്ചിട്ടുമുണ്ട്. പദ്ധതി ആസൂത്രണം ചെയ്യുന്ന ഒരു ഘട്ടത്തിലും കൊടുവള്ളി നഗരസഭയുടെ പോലും നിർദേശങ്ങൾ ആരായാതിരിക്കുകയും ജനങ്ങൾ പദ്ധതിക്കെതിരായതോടെ യു.ഡി.എഫ് എം.എൽ.എയെയും മുസ്‌ലിം ലീഗിനെയും ആക്ഷേപിക്കുകയും ചെയ്യുന്ന എൽ.ഡി.എഫ് അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ മുസ്‌ലിം ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ വി.കെ. അബ്ദുഹാജി, ജനറൽ സെക്രട്ടറി കെ.കെ.എ. കാദർ, ഭാരവാഹികളായ കെ.സി മുഹമ്മദ്‌, പി. മുഹമ്മദ്‌, ടി.പി. നാസർ, ശംസുദ്ധീൻ കളത്തിങ്ങൽ, സി.പി. ഫൈസൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT