എസ്.ഐയെ ആക്രമിച്ചെന്ന കേസ്​: മന്ത്രി റിയാസ് കോടതിയിൽ ഹാജരായി

കോഴിക്കോട്: 2011ൽ ഇംഗ്ലീഷ് പള്ളിക്ക് മുന്നിൽ ട്രാഫിക് എസ്.ഐയെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്തുവെന്ന കേസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രിൻസിപ്പൽ അസി. സെഷൻസ് കോടതിയിൽ ഹാജരായി. നിർമൽ മാധവ് കേസുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ ഡി.ഐ.ജി ഓഫിസ് മാർച്ച് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എന്ന നിലയിൽ ഉദ്ഘാടനം ചെയ്തതിനെ തുടർന്നായിരുന്നു കേസെടുത്തത്. റിയാസടക്കം 20 ഓളം പ്രതികളുള്ള കേസിൽ തെരഞ്ഞെടുപ്പിന് മുമ്പ് ഹാജരായി ജാമ്യം നേടിയിരുന്നു. 2021 മാർച്ച് 11ന് ഹാജരായി ജാമ്യം നേടിയ കേസ് നടപടികൾ പിന്നീട് നീണ്ടുപോവുകയായിരുന്നു. കുറ്റപത്രം വായിച്ച് കേൾപ്പിക്കാനായി കേസ് വീണ്ടും മേയ് 27 ന് പരിഗണിക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജാമ്യമെടുക്കാനെത്തിയ റിയാസടക്കം സി.പിഎം നേതാക്കളെ അന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു. അഡ്വ. സുഷമ റിയാസിന് വേണ്ടി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.