ചക്കയാണ് താരം

ഇതര സംസ്ഥാനങ്ങളിലേക്കാണ് ചക്ക കൂടുതലായും കയറ്റിപോകുന്നത് വടകര: കോവിഡ് തരംഗത്തിൽ തീൻമേശയിലെ താരമായിരുന്ന ചക്ക ഇന്ന് വീണ് നശിക്കുന്നില്ല, ആവശ്യക്കാർ ഏറുകയാണെന്ന് ചക്ക കച്ചവടക്കാർ. വിപണിയിലെ താരമാവുകയാണ് കേരളത്തിന്റെ സ്വന്തം പഴം. മലയോര മേഖലയിൽ ചക്ക തേടി എത്തുന്നവരുടെ എണ്ണം വർധിച്ചു. ഇതര സംസ്ഥാനങ്ങളിലേക്കാണ് ചക്ക കൂടുതലായും കയറ്റിപോകുന്നത്. ചക്ക ഉൽപന്നങ്ങൾ വിപണിയിൽ ഇടംപിടിക്കുകയും കൂടുതൽ ഉൽപാദക സംഘങ്ങൾ രൂപപ്പെടുകയും ചെയ്തത് നാട്ടിലും ചക്കയുടെ ആവശ്യകത കൂട്ടിയിട്ടുണ്ട്. പ്ലാവിന് മുകളിൽനിന്നും മതിപ്പുവില കണക്കാക്കിയാണ് ഇടനിലക്കാർ ചക്കകച്ചവടം ചെയ്യുന്നത്. കിലോക്ക് 70 രൂപ മുതലാണ് ചക്കക്ക് വില. വരിക്ക ചക്കയാണ് പ്രിയം. ആവശ്യക്കാരും വരിക്കച്ചക്കക്കാണുള്ളത്. കോവിഡ് കാലത്ത് ചക്കക്ക് വിപണി ലഭിച്ചിരുന്നില്ലെങ്കിലും നാട്ടിൽതന്നെ ആവശ്യക്കാർ നിരവധിയായിരുന്നു. കേരള ചക്ക എന്ന പേരിൽ ഇതര സംസ്ഥാന മാർക്കറ്റിൽ വരിക്കച്ചക്കക്ക് നല്ല ഡിമാൻഡാണെന്ന് കച്ചവടക്കാർ പറയുന്നു. വിദേശ രാജ്യങ്ങളിലേക്കും ചക്ക കയറ്റിപ്പോകുന്നുണ്ട്. ഗൾഫിലെ ചില സൂപ്പർ മാർക്കറ്റുകളിൽ ഒരു ചക്കക്ക് കണ്ണ് തള്ളുന്ന വിലയാണെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഇത്തവണ ചക്കയുടെ വിളവ് കഴിഞ്ഞ തവണത്തെക്കാൾ മലയോര മേഖലയിൽ കുറവാണ്. നേരത്തേ പറമ്പുകളിൽ യഥേഷ്ടം ലഭ്യമായിരുന്ന ചക്ക വീണ് ചീഞ്ഞ് നശിക്കുന്ന അവസ്ഥയായിരുന്നു. ചക്ക പ്രതാപത്തിലേക്ക് ഉയർന്നതോടെ ലഭ്യത കുറച്ചു. പ്ലാവ് മരത്തിനുണ്ടായ വില വർധന പലരെയും മരം വിറ്റ് കാശാക്കി മാറ്റാൻ പ്രേരിപ്പിച്ചതാണ് ദൗർലഭ്യതക്കിടയാക്കിയത്. കുടുംബശ്രീ വിവിധ സ്വയം തൊഴിൽ സംരംഭകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധ സംഘങ്ങൾ വഴിയും 15 ഓളം ചക്ക വിഭവങ്ങൾ തയാറാക്കുന്നതിൽ പരിശീലനം നൽകിയിരുന്നു. ചക്കയുടെ വിവിധ വിഭവങ്ങളുടെ നിർമാണം നാട്ടിൻ പുറങ്ങളിലും തകൃതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.