ബേപ്പൂർ തുറമുഖത്തുനിന്ന് കണ്ടെയ്നർ കപ്പൽ സർവിസ് പുനരാരംഭിക്കും

ബേപ്പൂർ: ബേപ്പൂർ, അഴീക്കല്‍, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് തീരദേശ കപ്പല്‍ സർവിസ് ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്ന് തുറമുഖ മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചു. രാജ്യത്തെ മുന്‍നിര കപ്പല്‍ കമ്പനിയായ ജെ.എം ബക്‌സി ഗ്രൂപ് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക താല്പര്യം പരിഗണിച്ചാണ് സർവിസ് നടത്തുന്നത്. സര്‍ക്കാര്‍ പ്രത്യേക ഇന്‍സെന്റിവ് സ്‌കീം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന കൈകാര്യ ചെലവും റിട്ടേണ്‍ കാര്‍ഗോയുടെ അഭാവവും പരിഗണിച്ചാണ് ഇന്‍സെന്റീവ് നൽകാൻ തീരുമാനിച്ചത്. ഇന്‍സെന്റീവ് ഇനത്തില്‍ കമ്പനിക്ക് 1.56 കോടി രൂപ വിതരണം ചെയ്തു. 71 ലക്ഷം രൂപകൂടി കൊടുക്കാനുണ്ട്. ഇപ്പോള്‍ സർവിസ് നടത്തുന്ന കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ക്കാണ് തല്‍ക്കാലം സർവിസ് നിര്‍ത്തിവെച്ചതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ ഡ്രഡ്ജിങ് നടത്താൻ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇത് ഉടന്‍ പൂര്‍ത്തിയാക്കും. മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. ചെറുകിട തുറമുഖ മേഖലയില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാൻ തുറമുഖ വകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.