ആവേശ വിജയത്തിൽ മഞ്ഞക്കടലിരമ്പം

കോഴിക്കോട്: പതിവിലേറെ ശാന്തമായ അറബിക്കടലി‍ൻെറ ഓരത്ത്​ മറ്റൊരു കടലിരമ്പി. മലയാളത്തി‍ൻെറ സ്വന്തം കേരള ബ്ലാസ്​റ്റേഴ്​സ്​ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്​.എൽ) സെമിയിൽ ജാംഷഡ്പുർ എഫ്.സിയെ കീഴടക്കിയപ്പോൾ മഞ്ഞക്കടലേറ്റത്തിൽ കടപ്പുറം കോരിത്തരിച്ചു. കോഴിക്കോടി‍ൻെറ കളിഭ്രാന്തന്മാർ ഒത്തുചേർന്നതോടെ കടപ്പുറത്ത് ആവേശ തിരയടിച്ചു. ഐ.എസ്​.എൽ സെമിഫൈനലിൽ ആരാധകർക്കായി ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ ഒരുക്കിയ ഫാൻ പാർക്കിൽ സ്ത്രീകളും കുട്ടികളുമടക്കം ഒഴുകിയെത്തി. ബ്ലാസ്​റ്റേഴ്​സി‍ൻെറ മഞ്ഞ ജഴ്സിയുമണിഞ്ഞാണ് പലരും കളി കാണാൻ അണിനിരന്നത്. മലയാളി സൂപ്പർ താരം സഹൽ അബ്​ദുൽ സമദിന്​ ആദ്യ ഇലവനിൽ സ്ഥാനമില്ലെന്നറിഞ്ഞതി‍ൻെറ നിരാശയും പലരും പ്രകടിപ്പിച്ചു. ആദ്യ മിനിറ്റിൽതന്നെ ബ്ലാസ്റ്റേഴ്സ് താരം വാസ്​ക്വസ് മികച്ച അവസരം അവിശ്വസനീയമായി തുലച്ചത് ആരാധകർക്ക് നിരാശയുണ്ടാക്കി. പിന്നീടും കോഴിക്കോട്ടുകാരൻ ടി.പി. ര​േഹനേഷിനെ നിരന്തരം മഞ്ഞക്കൊമ്പന്മാർ പരീക്ഷിക്കാൻ തുടങ്ങിയതോടെ ഫാൻ പാർക്കിലും പിന്തുണയുടെ കൈയടിയുയർന്നു. 10ാം മിനിറ്റിൽ ​ബ്ലാസ്​റ്റേഴ്​സി‍ൻെറ പെരേര ഡയസ് പന്ത് വലയിലെത്തിയെങ്കിലും ഓഫ് സൈഡ് വിളിച്ചതോടെ ആരവം നിശ്ശബ്ദതയിലേക്ക് മാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആരാധകർക്ക് പുറമേ, ബീച്ചിൽ സായാഹ്നം ആഘോഷിക്കാനെത്തിയവരും ബീച്ച് ഫ്രീഡം സ്ക്വയർ സ്​റ്റേജിൽ സ്ഥാപിച്ച സ്ക്രീനിൽ മത്സരം കാണാനുണ്ടായിരുന്നു. 18ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണയുടെ ഗോൾ പിറന്നപ്പോൾ അയ്യായിരത്തോളം കണ്ഠങ്ങളിൽനിന്ന് സന്തോഷാർപ്പുവിളികളുയർന്നു. എന്നാൽ, ജാംഷഡ്പുരി‍ൻെറ നൈജീരിയൻ താരം ഡാമിയൽ ചീമ ചുക്ക്​വുവി‍ൻെറ ഷോട്ടിൽ പന്ത് വലയിൽ കയറിയപ്പോൾ കടപ്പുറം നിശ്ശബ്ദമായി. പിന്നാലെ, ഓഫ് സൈഡാണെന്ന് തെളിഞ്ഞപ്പോൾ ആരാധകരുടെ മനവും തെളിഞ്ഞു. രണ്ടാം പകുതിയിലും ആവേശത്തിനും ഓളത്തിനും കു​റവുണ്ടായില്ല. 50ാം മിനിറ്റിലെ പ്രണോയ്​ ഹാൽദറി‍ൻെറ ​ഗോളിൽ ജാംഷഡ്​പുർ തിരിച്ചടിച്ചെങ്കിലും ആദ്യപാദത്തിലെ ലീഡ്​ ആരാധകർക്ക്​ കരുത്തായി. എതിരാളികളുടെ ആക്രമണ തിരമാലകളെ പ്രതിരോധത്തി‍ൻെറ കടൽഭിത്തി കെട്ടി ബ്ലാസ്​റ്റേഴ്​സ്​ ഇരുപാദങ്ങളിലുമായി 2-1ന്​ കലാശക്കളിയിലേക്ക്​ കുതിച്ചപ്പോൾ ഫാൻപാർക്ക്​ ഇളകി മറിഞ്ഞു. ഫൈനലിൽ എ.ടി.കെയെ കിട്ടണമെന്നും ചില പഴയ കണക്കുകൾ തീർക്കാനു​ണ്ടെന്നും കളികഴിഞ്ഞ്​ മടങ്ങുമ്പോൾ ആരാധകർ അഭിപ്രായപ്പെട്ടു. പുതിയപാലം ഫാസ്​കോ ആഭിമുഖ്യത്തിലുള്ള ബിഗ്​സ്ക്രീൻ പ്രദർശനം കാണാനും കളിപ്രേമികൾ കൂട്ടമായെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.