വ്യാപാരിനേതാവായ ഹോട്ടലുടമ തൂങ്ങി മരിച്ചനിലയിൽ

ശ്രീകണ്ഠപുരം: കോണ്‍ഗ്രസ് നേതാവും വ്യാപാരി നേതാവുമായ ഹോട്ടലുടമ ഹോട്ടലില്‍ തൂങ്ങിമരിച്ചു. ടൗണിലെ പ്രകാശ് ഹോട്ടല്‍ ഉടമ മടമ്പം വഞ്ഞിയൂരിലെ മുണ്ടയാടന്‍ വീട്ടില്‍ കുഞ്ഞികൃഷ്ണനാണ് (73) ജീവനൊടുക്കിയത്. ഹോട്ടലിന് പിറകുവശത്തെ വാതിലിന് സമീപമാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ടൗണിലെത്തിയ ചിലര്‍ തൂങ്ങിയ നിലയില്‍ കുഞ്ഞികൃഷ്ണനെ കണ്ടെത്തിയത്. ഉടന്‍ കയര്‍ അറുത്തുമാറ്റി അദേഹത്തെ പരിയാരം മെഡി. കോളജ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗണ്‍സിൽ അംഗമാണ്. യൂനിറ്റ് സെക്രട്ടറി, മേഖല ജോയന്റ് സെക്രട്ടറി, ജില്ല കൗണ്‍സിൽ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു. ശ്രീകണ്ഠപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ്. കണ്ണൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റായിരുന്നു. ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തംഗം, നിടിയേങ്ങ സഹകരണ ബാങ്ക് ഡയറക്ടര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 1982ല്‍ കെ.സി. ജോസഫ് ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാർഥിയായി പത്രിക നല്‍കിയപ്പോള്‍ ഡമ്മി സ്ഥാനാർഥിയായി പത്രിക നല്‍കിയത് കുഞ്ഞികൃഷ്ണനായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. പരേതരായ രയരപ്പന്‍ നമ്പ്യാര്‍ -നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രമണി. മക്കള്‍: പ്രകാശന്‍, പ്രതീഷ് (ഇരുവരും മസ്‌കത്ത്), പ്രസീത (നടുവില്‍). മരുമക്കള്‍: പ്രസാദ് (നടുവില്‍), രചന (നീലേശ്വരം). സഹോദരങ്ങള്‍: ലീല (വയക്കര), സരോജിനി (കള്ളാര്‍), ലളിത, സരസ്വതി (ഇരുവരും മണ്ണൂര്‍), കനകവല്ലി (കയരളം), ഫല്‍ഗുനന്‍ (പ്രകാശ് ജ്യൂസ്, ശ്രീകണ്ഠപുരം), സരള (കുയിലൂര്‍), ശ്യാമള (വെളിയമ്പ്ര). സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് ചേപ്പറമ്പിലെ നഗരസഭ ശ്മശാനത്തിൽ. Hotel owner Kunjikrishnan (73) hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.