ശ്രദ്ധേയമായി തെരുവുനാടകം

കോഴിക്കോട്​: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. ബീച്ച് കള്‍ച്ചറല്‍ ഏരിയയില്‍ എടക്കാട് നാടക കൂട്ടായ്മയാണ് 'ദേയ്' എന്ന തെരുവുനാടകം അവതരിപ്പിച്ചത്. മൂന്നു വ്യത്യസ്തമായ കഥകളിലൂടെ പുരോഗമിക്കുന്ന നാടകം കുടുംബത്തിനകത്തെയും പുറത്തെയും സ്ത്രീയെ വരച്ചിടുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ചൂഷണങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളെക്കുറിച്ചും സമൂഹത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും അറിവില്ലായ്മയുണ്ട്. സ്ത്രീ ചൂഷണങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സ്ത്രീ-പുരുഷ ഭേദമന്യേ ബോധവത്കരണം നടത്താനാണ് നാടകം ശ്രമിക്കുന്നത്. തൊഴിലാളി-വനിത അവകാശ പ്രവര്‍ത്തക വിജി പെണ്‍കൂട്ട് മുഖ്യാതിഥിയായിരുന്നു. പുരുഷാധിപത്യത്തിന്‍റെയും മുതലാളിത്തത്തിന്‍റെയും ഇരകളാണ് സ്ത്രീകളെന്നതിന്‍റെ ഏറ്റവും വലിയ അടയാളമാണ് ഈ നാടകമെന്ന് അവര്‍ പറഞ്ഞു. കാപട്യങ്ങളില്ലാതെ ശക്തമായി സംവദിക്കാന്‍ കഴിയുന്ന രൂപമെന്ന നിലയിലാണ് തെരുവുനാടകം അവതരണത്തിനായി തിരഞ്ഞെടുത്തതെന്ന് രചയിതാവും സംവിധായകനുമായ ടി. ഛന്ദസ്സ് പറഞ്ഞു. ടി. സുരേഷ് ബാബു നേതൃത്വം നല്‍കിയ അഭിനയ പരിശീലനത്തിലൂടെ പുരുഷോത്തമന്‍, സായിജ, നിഷാത്ത്, ബാലചന്ദ്രന്‍, സുജിത്ത്, ഷഹാന, അശ്വിന്‍, ആദര്‍ശ് എന്നിവരാണ് രംഗത്തെത്തിയത്. പബ്ലിക് റിലേഷന്‍ വകുപ്പ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. ദീപ, വനിത ശിശു വികസന വകുപ്പ് ഓഫിസര്‍ യു. അബ്ദുൽ ബാരി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.