മഹിള മാൾ: വനിത സംരംഭകർക്ക് നീതി ലഭിക്കും വരെ യു.ഡി.എഫ് സമരം

കോഴിക്കോട്​: കോർപറേഷൻ കുടുംബശ്രീയുടെ മഹിള മാൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ലക്ഷങ്ങൾ നഷ്ടമായ വനിത സംരംഭകർക്ക് നീതി ലഭിക്കും വരെ യു.ഡി.എഫ് സമരം തുടരുമെന്ന് ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ. മഹിള മാളിലെ വനിത സംരംഭകർക്ക് നഷ്ടപരിഹാരം നൽകുക, കുടുംബശ്രീയുടെ 10 വർഷത്തെ കണക്കുകൾ പരിശോധനക്ക് വിധേയമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിന് മുന്നിൽ നടത്തിയ നിൽപുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ 10 വർഷത്തെ കണക്കുകൾ ഓഡിറ്റിങ്ങിന് വിധേയമാക്കിയാൽ വൻ ക്രമക്കേട് പുറത്തുവരും. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. മഹിള മാളിന്‍റെ പേരിൽ യൂനിറ്റി ഗ്രൂപ് വായ്പയെടുത്ത 55 ലക്ഷം എഴുതിത്തള്ളുമ്പോൾ പാവപ്പെട്ട വനിത സംരംഭകരെ പുറത്താക്കുന്നത് അനീതിയാണ്. ഈ നിലപാട് തിരുത്തുവാൻ കോർപറേഷൻ ഭരണകൂടം തയാറാകണമെന്നും പ്രവീൺകുമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത അധ്യക്ഷത വഹിച്ചു. മുസ്‍ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ. മൊയ്തീൻകോയ, എം.സി. സുധാമണി, അൽഫോൺസ, ആയിശ ബി പാണ്ടികശാല, കവിത അരുൺ, കെ.പി. രാജേഷ്, മനോഹരൻ മങ്ങാറിൽ, സൗഫിയ അനീഷ്, കെ റംലത്ത്, സാഹിദ സുലൈമാൻ, അജീബ ഷമീൽ, ഓമന മധു എന്നിവർ സംസാരിച്ചു. എസ്.കെ. അബൂബക്കർ സ്വാഗതവും കെ. നിർമല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.