ഏഴു വയസ്സുകാരന് കൈകാലുകൾ കെട്ടിയിട്ട് പിതാവിന്‍റെ മർദനം

വെള്ളരിക്കുണ്ട്: സ്കൂളിൽനിന്ന് തിരിച്ചെത്തിയ ഏഴുവയസ്സുകാരന്‍റെ ബാഗിൽ വാച്ച് കണ്ടതിന്​ പിതാവിന്‍റെ ​ക്രൂരമർദനം. മുറിയിൽ അടച്ചുപൂട്ടി കൈകാലുകൾ കെട്ടിയിട്ടാണ്​ പിതാവിന്‍റെ കടുംകൈ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മാലോം വള്ളിക്കടവിലാണ് സംഭവം. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വാച്ച് ധരിക്കാതെ സ്കൂളിൽപോയ കുട്ടി തിരിച്ചുവന്നപ്പോൾ ബാഗിൽ വാച്ച്​ കണ്ടതാണ്​ പിതാവിനെ പ്രകോപിതനാക്കിയതത്രെ. കുട്ടി ക്രൂരമായ മർദനത്തിന് ഇരയായ വിവരം വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചു. കുട്ടിയുടെയും പിതാവിന്‍റെയും മൊഴികൾ വെള്ളരിക്കുണ്ട് പൊലീസ് രേഖപ്പെടുത്തി. മർദനത്തിൽ കുട്ടിയുടെ കൈകൾക്കാണ് പരിക്ക്. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അംഗൻവാടി ടീച്ചർ കുട്ടിയെ വീട്ടിൽ ചെന്നുകാണുകയും വിവരങ്ങൾ തേടുകയും ചൈൽഡ് ലൈൻ ഉൾപ്പെടെയുള്ളവരെ അറിയിക്കുകയും ചെയ്തതായി ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു. എന്നാൽ, വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സംഭവത്തിൽ ബുധനാഴ്ച വൈകീട്ടുവരെ കേസ്​ രജിസ്റ്റർ ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.