കോവിഡ്​ അയഞ്ഞിട്ടും നിയന്ത്രണ ഇളവില്ല; കലാകാരന്മാർ പ്രതിഷേധത്തിന്​​

കോഴിക്കോട്​: നടപ്പാക്കാനാവാത്ത കോവിഡ്​ ചട്ടങ്ങൾ അടി​ച്ചേൽപിച്ച്​ അധികൃതർ കഞ്ഞികുടി മുട്ടിക്കുകയാണെന്ന്​ കലാകാരൻമാരുടെ കൂട്ടായ്മ. മിക്ക മേഖലക്കും ഇളവുകൾ കൊടുക്കുമ്പോൾ തങ്ങൾക്ക്​ മാത്രം ജോലിയില്ലാതാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ മ്യൂസിക്​ ഇൻസ്​ട്രുമെന്‍റ്​ പ്ലയേഴ്​സ്​ അസോസി​യേഷൻ ചൊവ്വാഴ്ച രാവിലെ 10ന്​ മാനാഞ്ചിറ എസ്​.കെ പ്രതിമക്ക്​ സമീപം പ്രതിഷധം സംഘടിപ്പിക്കുമെന്ന്​ നേതാക്കൾ അറിയിച്ചു. സ്റ്റേജ്​ കലാകാരൻമാരുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്​. ​ക്ഷേത്രങ്ങളിൽ കലാപരിപാടികളിൽ 2500 പേർക്ക്​ പ​ങ്കെടുക്കാമെന്ന്​ പ്രഖ്യാപിച്ചത്​ പ്രതീക്ഷയേറ്റിയെങ്കിലും 72 മണിക്കൂറിനുള്ളിൽ കലാകാരൻമാരും 1500 കാണികളും ആർ.ടി.പി.സി.ആർ ടെസ്റ്റ്​ ചെയ്യണം, ജില്ല കലക്ട​റെത്തി സ്​ഥലം നിശ്ചിത ചതുരശ്രയടിയുണ്ടെന്ന്​ അളക്കണം തുടങ്ങി നിബന്ധനകൾ പുറത്തുവന്നതോടെ ഒന്നും നടക്കില്ലെന്ന സ്​ഥിതിവന്നു. മറ്റൊരു മേഖലക്കും ഇത്ര അ​പ്രായോഗികമായ പെരുമാറ്റച്ചട്ടം വെച്ചിട്ടില്ല. തളിപ്പറമ്പിലെ കല്യാണവീട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട്​ കല്യാണത്തിന്​ ബോക്സ്​ വെച്ച ഗാനമേള നടത്തരുതെന്ന്​ പ്രഖ്യാപിച്ചത്​ പ്രതിഷേധാർഹമാണ്​. കള്ളക്കടത്തും മറ്റും പോലെ ഒളിച്ചു ചെയ്യേണ്ടതാണ്​ കലാപ്രവർത്തനമെന്ന്​ വന്നു. ഈ സീസൺ മൂന്ന്​ മാസത്തിനകം തീരാനിരിക്കെ മിക്ക കലാകാരൻമാരും പട്ടിണിയിലാണ്​. ഉപകരണങ്ങൾ വാങ്ങിയ കടംപോലും വീട്ടാനാവാതെ ആത്​മഹത്യാമുനമ്പിലാണെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ശ്രീകാന്ത്​ ഹരിദാസ്​, വൈസ്​ പ്രസിഡന്റ് അജിത്​ ബാബു, ട്രഷറർ എം. ഷാജിഷ്​, ഷാജി കിഴിശ്ശേരി, റഷീദ്​ ചാലിയം, റഫീഖ്​ പള്ളിക്കണ്ടി എന്നിവർ വാർത്ത​സമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.