ഉപ്പിലിട്ടുള്ള വിൽപന തടഞ്ഞത്​ തിങ്കളാഴ്ച വരെ തുടരും

കോഴിക്കോട്: പഴം, പച്ചക്കറി ഇനങ്ങൾ ഉപ്പിലിട്ടുള്ള വിൽപന നഗരസഭ പരിധിയിൽ തൽക്കാലത്തേക്ക് തടഞ്ഞ നടപടി തിങ്കളാഴ്ച വരെ തുടരാൻ തീരുമാനം. ബീച്ചിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചതിനു പിറകെ വെള്ളമെന്നു കരുതി രാസലായനി കുടിച്ചതോടെ രണ്ടു കുട്ടികൾക്ക് സാരമായി പൊള്ളലേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിരോധനം. തിങ്കളാഴ്ച വിൽപനക്കാരുമായി ചർച്ച നടത്തുമെന്ന് മേയർ ഡോ. ബീന ഫിലിപ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബോധവത്കരണത്തോടൊപ്പം പരിശോധനയും തുടരുമെന്ന്​ മേയർ പറഞ്ഞു. കോർപറേഷൻ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ഗളേഷ്യൽ അസിറ്റിക് ആസിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. നഗരവാസികളുടെ മുഴുവൻ നേട്ടമാണ് കോർപറേഷന് ലഭിച്ച സ്വരാജ് ട്രോഫിയെന്ന് മേയർ പറഞ്ഞു. നേട്ടത്തിന് പിന്നിൽ മുൻ ഭരണസമിതിയുടെ മികച്ച പ്രവർത്തനം കൂടിയുണ്ട്​. അതിന് തുടർച്ച നൽകാൻ ഇപ്പോഴത്തെ ഭരണസമിതിക്കും സാധിച്ചു. ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സെക്രട്ടറി കെ.യു. ബിനി, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.