സ്​കൂൾ പ്രവേശനോത്സവം ഇന്ന് ; പരിപാടികൾ ഓൺലൈനിൽ

കോഴിക്കോട്​: ഈ അധ്യയനവർഷത്തെ പ്രവേശനോത്സവത്തിനായി ജില്ലയും ഒരുങ്ങി. ചൊവ്വാഴ്​ച ഓൺലൈൻ പ്ലാറ്റ്​ഫോമിലൂടെ സംസ്ഥാന തലത്തിലും സ്​കൂൾ തലത്തിലും സംഘടിപ്പിക്കും. രാവിലെ 10ന്​ പ്രവേശനോത്സവം ആരംഭിക്കും. കുട്ടികൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്​തത്. പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങിയവരുടെ സന്ദേശങ്ങൾ എല്ലാ സ്​കൂളുകളിലും ഓൺലൈൻ വഴി പ്രദർശിപ്പിക്കും. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാം. മുൻകൂട്ടി റെക്കോഡ് ചെയ്​ത പാട്ടും കഥ പറയലുമാണ് ഓരോ സ്​കൂളിലും പ്രദർശിപ്പിക്കുക. കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. ഇതിനായി വാട്​സ്ആപ് ഗ്രൂപ്പുകൾ ഉപയോഗിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ പ്രവേശനോത്സവത്തിൻെറ ഭാഗമായ പരിപാടികളിൽ ഓൺലൈനായി പങ്കെടുക്കും. സ്​കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന പ്രവേശനോത്സവ പരിപാടികളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുക്കും. രക്ഷിതാക്കളെയും ഓൺലൈൻ ക്ലാസുകളിൽ പങ്കാളിയാക്കും. രക്ഷിതാക്കൾക്കും ബോധവത്​കരണ ക്ലാസുകൾ നൽകും. ജനപ്രതിനിധികൾ, അഭ്യസ്‌തവിദ്യർ, വിരമിച്ച അധ്യാപകർ, സന്നദ്ധ പ്രവർത്തകർ, പട്ടികജാതി-വർഗ പ്രൊമോട്ടർമാർ എന്നിവരും വിദ്യാർഥികൾക്ക്​ സഹായവുമായി ഒപ്പമുണ്ടാകും. വാർഡ് തലത്തിലും പ്രാദേശിക പഠനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുമുള്ള പ്രത്യേക പരിപാടികൾ നടത്തും. കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച പ്രത്യേക പഠന കേന്ദ്രങ്ങൾ, പ്രതിഭ കേന്ദ്രങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യം ഒരുക്കും.പഠനത്തിനൊപ്പം ആരോഗ്യ- കായിക സുരക്ഷ പ്രവർത്തനങ്ങൾ, കുട്ടികളുടെ കോവിഡ്‌ സുരക്ഷ മുൻനിർത്തിയുള്ള പ്രത്യേക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.