ഗ്രാമീണ കോൽക്കളിയുടെ ആചാര്യന് വിട

ഗ്രാമീണ കോൽക്കളിയുടെ ആചാര്യന് വിടപയ്യന്നൂർ: ആയോധന കലയുടെ ലഹരി സമൂഹത്തിന് പകർന്നുനൽകിയ കടന്നപ്പള്ളി കിഴക്കെക്കരയിലെ പി.ആർ. കൃഷ്ണൻ നമ്പ്യാർ തിങ്കളാഴ്ച വിടവാങ്ങിയപ്പോൾ, ഒരു പരമ്പരാഗത നാടൻ കലയുടെ ചരിത്രം കൂടിയാണ് അരങ്ങൊഴിഞ്ഞത്. ഗ്രാമീണ കോൽക്കളിയുടെ ഈ ആചാര്യനെ, ഗ്രാമീണ മേഖലയിൽ കോൽക്കളിക്കു നൽകിയ സംഭാവനകളെ മുൻനിർത്തി ഇത്തവണ ഫോക്​ലോർ അക്കാദമി അവാർഡ്​ നൽകി ആദരിച്ചിരുന്നു. കടന്നപ്പള്ളിയിലെയും പരിസരങ്ങളിലെയും ആറു തലമുറയെയെങ്കിലും കോൽക്കളി അഭ്യസിപ്പിച്ച് കളിയരങ്ങിലെത്തിച്ചിട്ടുണ്ട് ഈ ഗുരുനാഥൻ. കൂടാതെ ചെറുതാഴം, കുഞ്ഞിമംഗലം ഭാഗങ്ങളിലും ഇദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. കടന്നപ്പള്ളിയിലെയും സമീപ ഗ്രാമങ്ങളിലെയും ക്ഷേത്രോത്സവങ്ങളിലും സാംസ്കാരികോത്സവങ്ങളിലും ഒരുകാലത്ത് കൃഷ്ണൻ നമ്പ്യാരുടെയും ശിഷ്യരുടെയും കോൽക്കളി അവിഭാജ്യഘടകമായിരുന്നു. സാക്ഷരത പരിപാടിക്കുവേണ്ടിയും ഇദ്ദേഹം പരിശീലിപ്പിച്ച സംഘം കോൽക്കളി അവതരിപ്പിച്ചിരുന്നു. കളിയോടൊപ്പം പാട്ടും താളവും അദ്ദേഹത്തിന്​ വഴങ്ങിയിരുന്നു. ഇരുപതാം വയസ്സിൽ, ജ്യേഷ്ഠ സഹോദരൻ അന്തരിച്ച പി.ആർ.രാമൻ നമ്പ്യാർക്കൊപ്പം തുടങ്ങിയതാണ് ഇൗ കലാസപര്യ. നിരവധി കോൽക്കളിപ്പാട്ടുകളെഴുതിയ രയരോത്തെഴുത്തച്ഛന്‍റെ (പി.ആർ.കൃഷ്ണനെഴുത്തച്ഛൻ) പിന്മുറക്കാരനാണ് കൃഷ്ണൻ നമ്പ്യാർ. കടന്നപ്പള്ളിയിലെ സാമൂഹിക-രാഷ്​ട്രീയ പ്രവർത്തകനും പൂരക്കളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ അന്തരിച്ച കെ.പി. കുഞ്ഞിരാമൻ പണിക്കരെഴുതിയ, ഉജ്ജ്വലങ്ങളായ കോൽക്കളിപ്പാട്ടുകളുടെ പ്രചാരകർ കൃഷ്ണൻ നമ്പ്യാരും ശിഷ്യരുമായിരുന്നു.‌കലക്കൊപ്പം കൃഷിയും കന്നുപൂട്ടും കാലിമേയ്ക്കലുമായി ഒതുങ്ങിക്കഴിഞ്ഞ നാടൻ കലാചാര്യൻ ജാതിമത രാഷ്​ട്രീയത്തിനതീതമായി നാടി​ൻെറ സ്നേഹം ഏറ്റുവാങ്ങിയിരുന്നു. കോൽക്കളി എന്ന നാടൻ കലയുടെ മാത്രമല്ല, മൺമറയുന്ന കാർഷിക സംസ്കൃതിയുടെ ഏടുകൂടിയാണ് ഇല്ലാതായത്.രാഘവൻ കടന്നപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.