ബുധനാഴ്ച കതിരൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവിൻെറ കൈപ്പത്തികൾ അറ്റതാണ് ഒടുവിലത്തെ സംഭവം കണ്ണൂർ: ഒരുകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ സ്ഥിരമായിരുന്ന കണ്ണൂരിൽ രാഷ്ട്രീയപാർട്ടികൾ വീണ്ടും സംഘർഷത്തിന് കോപ്പുകൂട്ടുന്നതായി സൂചന. പുറമെ ശാന്തമായിരിക്കുേമ്പാഴും അണിയറയിൽ ആയുധശേഖരണം നടക്കുന്നതിൻെറ തെളിവാണ് തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ. ഒരിടവേളക്ക് ശേഷം ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടാകുന്നതും പരിക്കേൽക്കുന്നതും വർധിക്കുകയാണ്. ബുധനാഴ്ച രാത്രി കതിരൂര്‍ നാലാം മൈലിൽ ബോംബ് നിർമാണത്തിനിടെ യുവാവിൻെറ കൈപ്പത്തികൾ അറ്റതാണ് ഒടുവിലത്തെ സംഭവം. കതിരൂര്‍ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ നിജീഷിനാണ് ഗുരുതര പരിക്കേറ്റത്. എട്ട് മാസം മുമ്പ് തലശ്ശേരിക്കടുത്ത് പൊന്ന്യത്ത് ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. പൊന്ന്യം പുഴയോട് ചേർന്ന ഷെഡിൽ ബോംബ് നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അടുത്തദിവസം തന്നെ നടുവനാട് തളച്ചങ്ങാട് വീട്ടിൽ നിന്ന്, ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. പലപ്പോഴും പൊലീസിന് എളുപ്പത്തിൽ എത്താനാകാത്ത സ്ഥലങ്ങളിലാണ് ബോംബ് നിർമാണം. പുഴയോരങ്ങൾ, കുന്നുകൾ, വയലുകൾ, തോട്ടങ്ങൾ, നിർമാണം നടക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും നിർമാണം. രാഷ്ട്രീയ പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ചും ബോംബ് നിർമാണം നടക്കാറുണ്ട്. സ്ഫോടനം നടന്നാല്‍ പുറംലോകമറിയാതെ പൂഴ്ത്തിെവക്കുന്നതും രഹസ്യകേന്ദ്രങ്ങളില്‍ ചികിത്സിക്കുന്നതും പതിവാണ്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടും പ്രദേശവാസികൾ അറിയിച്ചും പൊലീസ് സ്ഥലത്തെത്തുേമ്പാഴേക്കും സ്ഫോടനം നടന്നയിടത്ത് നിന്ന് സാമഗ്രികൾ മാറ്റുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തിരിക്കും. രാജ്യത്തുതന്നെ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപക തോതില്‍ ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന സാധാരണമാണ്. ഒളിപ്പിച്ച ബോംബുകള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ് പ്രധാനമായും ബോംബ് നിർമാണം. അതത് പ്രദേശത്ത് സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം ബോംബ് നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എതിരാളികളെ ഇല്ലായ്മ ചെയ്യാനും ഓഫിസുകളും വീടുകളും ആക്രമിക്കാനും ബോംബുകൾ ഉപയോഗിക്കുന്നു. കണ്ണൂരിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ബോംബുകള്‍ പലതും സാങ്കേതിക വിദ്യയിലും സ്ഫോടന ശേഷിയിലും മാരകമായവയാണ്. 10 വർഷങ്ങൾക്ക് മുമ്പ് ഇരിക്കൂറിലെ മലയോര പ്രദേശമായ കുടിയാന്‍മലയില്‍ സി.പി.എം നേതാവിൻെറ വീട്ടില്‍ ബോംബ് നിര്‍മിക്കുമ്പോള്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015 ജൂൺ ആറിന് പാനൂരിനടുത്ത് കൊളവല്ലൂര്‍ ചെറ്റക്കണ്ടിയിൽ രണ്ട് സി.പി.എം പ്രവര്‍ത്തകരും 2016ൽ കൂത്തുപറമ്പിനടുത്ത് കോട്ടയംപൊയിലിൽ ബി.ജെ.പി പ്രവർത്തകനും ബോംബ് നിർമാണത്തിനിടെ മരിച്ചിരുന്നു. കണ്ണൂർ -കോഴിക്കോട് അതിർത്തിയിൽ നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ അഞ്ച് മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് ജീവൻ നഷ്ടമായതാണ് ഏറ്റവും കൂടുതൽപേർ മരിച്ച സംഭവം. ബോംബ് നിർമാണത്തിൽ വിദഗ്ധ പരിശീലനം നേടിയവർ എല്ലാ പാർട്ടിയിലുമുണ്ട്. ആവശ്യത്തിനനുസരിച്ച് മറ്റ് ജില്ലകളിലടക്കം ഇവർ ബോംബ് നിർമിച്ച് നൽകാറുണ്ട്. നിർമാണത്തിനിടെ സ്ഫോടനമുണ്ടായാൽ നെഞ്ചിനും വയറിനും തലക്കും പരിക്കേൽക്കുന്നത് തടയാൻ വലിയ മരത്തിൻെറയും മരബെഞ്ചിൻെറയും മറവിലാണ് ബോംബ് കെട്ടുക. മറ്റ് പാർട്ടികളിലെ പ്രവർത്തകർക്ക് ബോംബ് നിർമാണത്തിനുള്ള പരിശീലനം നൽകുന്ന സംഘങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.