കെ.ഡി.എഫ്​.എയെ വിവാദത്തിലേക്ക്​വലിച്ചിഴക്കുന്നതായി ആക്ഷേപം

കോഴിക്കോട്​: ജില്ല ഫുട്​ബാൾ അസോസിയേഷനിലെ (കെ.ഡി.എഫ്​.എ) പ്രസിഡൻറ്​​ സ്​ഥാനത്തെ ചൊല്ലി അനാവശ്യ വിവാദമുണ്ടാക്കുന്നതായി ആക്ഷേപം. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്​മണ്യനാണ്​ ക​ഴിഞ്ഞ ദിവസം രാഷ്​ട്രീയ ആരോപണം നടത്തിയത്​. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കൂടിയായ പി.രഘുനാഥിന്​ സി.പി.എം നേതൃത്വം വെള്ളിത്തളികയിൽ വെച്ച്​ കെ.ഡി.എഫ്.എ പ്രസിഡൻറ്​​ സ്ഥാനം കൈമാറിയെന്നായിരുന്നു ആരോപണം. കുറെ വർഷങ്ങളായി സി.പി. എം കുത്തകയാക്കിവെച്ച പദവിയാണിതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, കെ.പി.സി.സി ജനറൽ സെ​ക്രട്ടറിക്ക്​ കോഴിക്കോ​ട്ടെ ഫുട്​ബാൾ ചരിത്രമറിയില്ലെന്നാണ്​ പല ക്ലബ്​ ഭാരവാഹികളും അഭിപ്രായപ്പെടുന്നത്​. സി.പി.എം ഒരിക്കലും കെ.ഡി.എഫ്​.എ ഭരണം കുത്തകയാക്കിവെച്ചിട്ടില്ല. എ. പ്രദീപ്​ കുമാർ എം.എൽ.എ എന്ന പരിഗണനയിൽ ഒരുതവണ മാത്രമാണ്​ ​പ്രസിഡൻറായത്​. മുൻ മേയറും കോൺഗ്രസ്​ നേതാവുമായ സി.ജെ റോബിൻ എട്ടു വർഷം പ്രസിഡൻറായിരുന്നു. എ.​െഎ.സി.സി അംഗമായ പി.വി. ഗംഗാധരനും കോൺഗ്രസ്​ അനുഭാവിയായ സഹോദരൻ പി.വി. ചന്ദ്രനും വർഷങ്ങളോളം കെ.ഡി.എഫ്​.എയെ നയിച്ചവരാണ്​. ഹസൻ കുട്ടി, കെ.ടി. ജനാർദനൻ തുടങ്ങിയ യു.ഡി.എഫ്​ അനുകൂലികളും പ്രസിഡൻറായ കെ.ഡി.എഫ്​.എയെ നയിച്ച ഏക സി.പി.എമ്മുകാരനാണ്​ എ.പ്രദീപ്​ കുമാർ. പി. രഘുനാഥ്​ കഴിഞ്ഞ ഡിസംബർ 28നാണ്​ പ്രസിഡൻറായി ചുമതലയേറ്റത്​. ഏഴു മാസത്തിനു​ ശേഷമാണ്​ ഈ വിഷയത്തിൽ സി.പി.എം- ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. ജില്ലയിലെ 70 ക്ലബുകൾ ​തെരഞ്ഞെടുപ്പിലൂടെയാണ്​ പ്രസിഡൻറിനെ കണ്ടെത്തിയത്​. തൊട്ടുമുമ്പ്​ പ്രസിഡൻറായിരുന്ന അസീസ്​ അബ്​ദുല്ല ബി.ജെ.പിയുടെ എൻ.ആർ.ഐ സെൽ സംസ്​ഥാന കമ്മിറ്റി അംഗമായിരുന്നു. അതേസമയം, ഭരണപക്ഷ പാർട്ടി മുഖപത്രത്തി​ലെ കോഴിക്കോ​ട്ടെ ചുമതലക്കാരനുൾപ്പെട്ട പി.ആർ. ഏജൻസിയാണ്​ ഇത്തരം പ്രസ്​താവനകൾക്ക്​ പിന്നിലെന്നാണ്​ മറുപക്ഷം ആരോപിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.