ബിവറേജസ് വിൽപനകേന്ദ്രത്തിൽനിന്ന് മദ്യം മോഷ്ടിച്ച സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

വേങ്ങേരി: ബിവറേജസ് കോർപറേഷന്റെ വിപണന കേന്ദ്രത്തിൽനിന്ന് മദ്യം മോഷ്ടിച്ച സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കരിക്കാംകുളത്തെ വിപണനകേന്ദ്രത്തിൽനിന്ന് കഴിഞ്ഞയാഴ്ച വില കൂടിയ മദ്യം മോഷ്ടിച്ച കേസിലാണ് കണ്ണാടിക്കൽ അറപ്പു വയലിൽ ഗോകുലത്തിൽ സഞ്ജയ് (20), അറപ്പു വയലിൽ ഗോകുലത്തിൽ ശ്യാംജിത്ത് (18), മാറാട് പൊന്നാട്ടിൽ രാഹുൽ (20), കാളാണ്ടിത്താഴം നങ്ങോലത്ത് അലക്സ്‌ സെബാസ്റ്റ്യൻ (21) എന്നിവരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയം കൗണ്ടറുകളിൽനിന്ന് മദ്യക്കുപ്പികൾ അരയിൽ തിരുകുകയും ഒഴിഞ്ഞ പെട്ടികൾ തട്ടുകളിലെ യഥാസ്ഥാനത്ത് വെക്കുകയും ചെയ്താണ് മോഷണം നടത്തിയത്. 7000 രൂപയോളം വിലവരുന്ന മദ്യമാണ് ഇവിടെനിന്ന് നഷ്ടമായത്. സ്റ്റോക്ക് പരിശോധന മാസങ്ങളിലോ ആഴ്ചകളിലോ മാത്രം നടക്കുന്നതാണ് മോഷ്ടാക്കൾക്ക് സഹായകമാകുന്നത്. മോഷണവിവരം അറിഞ്ഞതിനെ തുടർന്ന് മാനേജർ ചേവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു, എസ്.ഐ ഡി. ഷബീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ സി.സി.ടി.വികൾ ഉൾപ്പെടെയുള്ള പരിശോധനകൾക്കും അന്വേഷണത്തിനും ഒടുവിലാണ് നാലു പ്രതികളെയും പിടികൂടിയത്. എ.എസ്.ഐ വി. ഷാജി, സി.പി.ഒ ഷഫീഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.