ചാത്തമംഗലം പഞ്ചായത്തിൽ ഗ്രാമവണ്ടി ഈ മാസം

കുന്ദമംഗലം: ഗ്രാമവണ്ടിയുമായി ചാത്തമംഗലം ഗ്രാമപഞ്ചായത്ത്. നഷ്ടത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ ആദ്യമായും സംസ്ഥാനത്ത് രണ്ടാമതായും നടപ്പാക്കുന്നത് ചാത്തമംഗലം പഞ്ചായത്തിലാണ്. വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിന് പഞ്ചായത്തിന്റെ ഗ്രാമവീഥികളിലൂടെ ഈ മാസം അവസാനത്തോടുകൂടി ആനവണ്ടി ഗ്രാമവണ്ടിയായി സർവിസ് നടത്തുന്നതിന് തയാറായിക്കഴിഞ്ഞു. പഞ്ചായത്ത് നിർദേശിക്കുന്ന റൂട്ടിൽ സർവിസ് നടത്തുന്നതിന് വാഹനത്തിന്റെ ഇന്ധനച്ചെലവ് പഞ്ചായത്ത് തനതു ഫണ്ടിൽ ഉൾപ്പെടുത്തിയും സ്പോൺസർമാർ മുഖേനയുമാണ് കണ്ടെത്തുന്നത്. ആദ്യത്തെ ഒരുമാസത്തെ ഇന്ധനച്ചെലവിനുള്ള ഒരു ലക്ഷം രൂപ പഞ്ചായത്ത് ചാത്തമംഗലം സഹകരണ ബാങ്ക് മുഖേന കണ്ടെത്തി കെ.എസ്.ആർ.ടി.സിക്ക് നൽകി. പഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിന് ഫണ്ട് ചെലവഴിക്കുന്നതിനുള്ള അംഗീകാരവും വാങ്ങിയിട്ടുണ്ട്. വെള്ളന്നൂരിലെ ചാത്തമംഗലം ആർട്സ് ആൻഡ് സയൻസ് കോളജ്, എം.വി.ആർ ആശുപത്രി, നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളന്നൂർ ആയുർവേദ ഡിസ്പെൻസറി, നായർകുഴി ഹോമിയോ ആശുപത്രി, ചൂലൂർ ഫാമിലി ഹെൽത്ത് സെന്റർ, താത്തൂർ ശുഹദാ മഖാം എന്നിവിടങ്ങളിൽ സർവിസ് നടത്തുന്നതിന് റൂട്ട് തയാറാക്കി. ചാത്തമംഗലത്തുനിന്ന് മാവൂർ വഴി എളമരം പാലം കടന്ന് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലേക്കും ഗ്രാമവണ്ടി സർവിസ് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. പദ്ധതി വിജയിച്ചാൽ രണ്ടാമത്തെ ഗ്രാമവണ്ടിയും നിരത്തിലിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.