കോഴിക്കോട്: സംഘ്പരിവാർ വേദിയിലുൾപ്പെടെ നിരന്തരം പങ്കെടുക്കുന്നുവെന്ന് പരാതിയുയർന്ന ഡി.സി.സി അംഗത്തിനെതിരെ പാർട്ടി നടപടി. കൊളത്തൂർ സ്വദേശി രാജീവൻ കൊളത്തൂരിനെയാണ് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ സംഘടനാപ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയത്. അതേസമയം, സംഘ്പരിവാർ സംഘടനകൾ ഞായറാഴ്ച കൊളത്തൂർ ശ്രീശങ്കര വിദ്യാമന്ദിരം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന രക്ഷാബന്ധൻ മഹോത്സവത്തിൽ രാജീവൻ കൊളത്തൂരാണ് അധ്യക്ഷൻ. രക്ഷാബന്ധൻ മഹോത്സവം സംബന്ധിച്ച് പുറത്തിറക്കിയ നോട്ടീസിൽ അധ്യക്ഷനായി രാജീവൻ കൊളത്തൂരിന്‍റെ പേര് ചേർത്തിട്ടുമുണ്ട്. ചടങ്ങിൽ ടി.പി. രാജൻ പ്രഭാഷണം നടത്തും. നേരത്തേതന്നെ രാജീവൻ സംഘ്പരിവാർ നിയന്ത്രണത്തിലുള്ള കൊളത്തൂർ അദ്വൈതാശ്രമത്തിലെയടക്കം പരിപാടികളിൽ പങ്കെടുത്തത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പ്രാദേശിക നേതാക്കൾ തന്നെ വിഷയം ഇദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടും പാർട്ടി നിലപാടിന് വിരുദ്ധമായ സമീപനങ്ങളാണ് തുടർന്നും ഉണ്ടായത്. ഇതോടെ രാജീവനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നന്മണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡി.സി.സിക്ക് പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ജനറൽ സെക്രട്ടറി മഠത്തിൽ നാണുവിനെ ഡി.സി.സി പ്രസിഡന്‍റ് നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭ്യമാകുന്നതുവരെ രാജീവനെ സംഘടനാപ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്താനുമാണിപ്പോൾ തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് രാജീവൻ കൊളത്തൂരിനും ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ടി.കെ. രാജേന്ദ്രനും നന്മണ്ട മണ്ഡലം പ്രസിഡന്‍റ് വിശ്വൻ നന്മണ്ടക്കും ഡി.സി.സി പ്രസിഡന്‍റ് കത്തും നൽകി. പാർട്ടിയുടെ ഐക്യത്തിനും കെട്ടുറപ്പിനും യോജിക്കാത്ത പ്രവൃത്തികൾ നിരന്തരം ചെയ്യുന്നതായി മണ്ഡലം കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയതിനുപിന്നാലെ സംഘ്പരിവാർ വേദിയിൽ വീണ്ടും പോകുന്ന സാഹചര്യമുണ്ടായാൽ പുറത്താക്കൽ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.