ലണ്ടനി​ലേക്ക്​ പോകാൻ ഫായിസിന്​ രണ്ടര ലക്ഷത്തിന്‍റെ സൈക്കിൾ സമ്മാനിച്ച്​ 'പാരാ​ജോൺ'

കോഴിക്കോട്​: കേരളത്തിൽ നിന്ന്​ ലണ്ടനി​ലേക്കുള്ള ഫായിസിന്‍റെ ചരിത്ര യാത്രക്ക്​ സൈക്കിൾ സമ്മാനിച്ച് യു.എ.ഇ ആസ്ഥാനമായ ട്രാവൽ ആൻഡ്​ ലഗേജ്​ ആക്സസറീസ്​ കമ്പനിയായ പാരാ​ജോൺ.​ സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട്​ തലക്കുളത്തൂർ സ്വ​ദേശി ഫായിസ്​ അഷ്​റഫ്​ അലി തിരുവനന്തപുരത്ത് നിന്ന്​ ലണ്ടനിലേക്ക്​ തുടങ്ങുന്ന മഹത്തായ സൈക്കിൾ യാത്രക്കാണ്​ കമ്പനി രണ്ടരലക്ഷം രൂപ വിലയുള്ള സൈക്കിൾ നൽകുന്നത്​. കേരളത്തിൽ നിന്ന്​ ലണ്ടനിലേക്കുള്ള ഫായിസിന്‍റെ സൈക്കിൾ യാത്ര സംബന്ധിച്ച്​ ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിന്​ 'ഈ സൈക്കിളിലിതെങ്ങോട്ടാ ഫായിസേ... ഒന്ന്​ ലണ്ടൻ വരെ' എന്ന തലക്കെട്ടിൽ 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട കമ്പനി അധികൃതർ രണ്ടരലക്ഷം രൂപയുടെ സൈക്കിൾ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച കരാറിൽ ഫായിസും കമ്പനി അധികൃതരും ഒപ്പുവെച്ചു. തുക ഉടൻ കൈമാറുമെന്ന്​ കമ്പനി അറിയിച്ചതായി ഫായിസ്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. അമേരിക്കൻ കമ്പനിയുടെ സർലേ ഡിസ്​ക്ക്​ ട്രക്കർ സൈക്കിളാണ്​ വാങ്ങുന്നത്​. യൂറോപ്യൻ രാജ്യങ്ങളിലുള്ളവർ ടൂറിങ്​ സൈക്കിളായി ഉപയോഗിക്കുന്ന ഇതിന്‍റെ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത്​ ഇവിടെവെച്ച്​ കൂട്ടിയോജിപ്പിക്കുകയാണ്​ ചെയ്യുന്നത്​. യാത്രക്ക്​ എല്ലാ പിന്തുണയുമായി എമിറേറ്റ്​സ്​ ഫസ്റ്റും കാലിക്കറ്റ്​ സൺറൈസ്​ റോട്ടറി ക്ലബും രംഗത്തുണ്ട്​. 450 ദിവസം​കൊണ്ട്​ 35 രാജ്യങ്ങളിലെ 29,000 കിലോമീറ്ററിലേറെ പിന്നിട്ട്​ സൈക്കിളിൽ ലണ്ടനിലെത്തുകയാണ്​ 34കാരനായ ഫായിസിന്‍റെ​ ലക്ഷ്യം​. ആഗസ്റ്റ്​ 15ന്​ സ്വാതന്ത്ര്യ ദിനത്തിൽ തിരുവനന്തപുരത്തുനിന്ന്​ തുടങ്ങുന്ന യാത്ര ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ, മുഖ്യമ​ന്ത്രി പിണറായി വിജയൻ ഇവരിലൊരാളെക്കൊണ്ട്​ ഫ്ലാഗ്​ ഓഫ്​ ചെയ്യിപ്പിക്കാനാണ്​ ശ്രമം. 'യൂസ്​ ഹാർട്ട്​ ടു കണക്​ട്​ ദ ഹാൾട്ട്​' മുദ്രാവാക്യമുയർത്തിയുള്ള യാത്ര 2023 സെപ്റ്റംബറിൽ​ ലണ്ടനിലെത്തും. പാകിസ്താൻ, ​ചൈന എന്നിവയുടെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ്​ യാത്ര. തിരുവനന്തപുരത്തുനിന്ന്​ മുംബൈ വഴി ഒമാനിലെത്തി അവിടെ നിന്ന്​ യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത്​, ഇറാഖ്​, ഇറാൻ, ​ജോർജിയ, തുർക്കിയ എന്നിവിടങ്ങളിലൂ​ടെ സഞ്ചരിച്ചാണ്​ യൂറോപ്പിലെത്തുക. തുടർന്ന്​ ബൾഗേറിയ, റുമേനിയ, മൾഡോവ, യു​ക്രെയ്​ൻ, പോളണ്ട്​, ചെകോസ്ലോവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്​ട്രിയ, ഇറ്റലി, സ്വറ്റ്​സർലൻഡ്​, ജർമനി, നെതർലൻഡ്സ്​, ബെൽജിയം, ലക്സംബർഗ്​, ഫ്രാൻസ്​, യു.കെ എന്നിങ്ങനെയാണ്​ റൂട്ട്​. പറമ്പത്ത്​ തച്ചേരിവളപ്പിൽ പരേതനായ അഷ്​റഫിന്‍റെയും ഫൗസിതയുടെയും മകനായ ഫായിസ്​ വി​പ്രോയിലെ ജോലി രാജിവെക്കുകയായിരുന്നു. 2019ൽ കോഴിക്കോട്​ ​നിന്ന്​ സിംഗപ്പൂരിലേക്കായിരുന്നു ആദ്യയാത്ര. നേപ്പാൾ, ബൂട്ടാൻ, മ്യാൻമർ, തായ്​ലൻഡ്​, മലേഷ്യ വഴി 104 ദിവസംകൊണ്ട്​ 8,000 കിലോമീറ്ററിലധികം താണ്ടിയാണ്​ അന്ന്​ സിംഗപ്പൂരിലെത്തിയത്​​. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.