കോളജുകൾ സീറ്റിന് കോഴ വാങ്ങുന്നതായി ആക്ഷേപം

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിലെ കോളജുകളിൽ പ്രവേശനത്തിന് നിശ്ചയിച്ച ഫീസിനേക്കാൾ അധിക തുകയും സീറ്റിന് കോഴയും വാങ്ങുന്നതായി ആക്ഷേപം. ഇത്തരം കോളജുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഒരു ലക്ഷം മുതൽ അഞ്ച്​ ലക്ഷം വരെ മുൻകൂറായി കോഴ വാങ്ങുന്ന സ്ഥാപനങ്ങളുണ്ടെന്ന് പരാതിയുണ്ട്. സാധാരണക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടുകളാണ് ചില മാനേജ്മെന്റുകൾ സ്വീകരിക്കുന്നത്. റിസൽട്ട് വരുന്നതിന് മുമ്പ് പ്രവേശനം തുടങ്ങുകയും രക്ഷിതാക്കളുടെ വേവലാതികൾ പ്രയോജനപ്പെടുത്തി ഓരോ വർഷം കഴിയുംതോറും ലക്ഷങ്ങൾ കോഴ തുക വർധിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. സത്യസന്ധതയോടെ നടത്തുന്ന സ്ഥാപനങ്ങൾക്ക് ​പ്രവേശന നടപടികൾ വൈകുന്നതുമൂലം കുറഞ്ഞ മാർക്കുള്ള വിദ്യാർഥികളെ മാത്രം ലഭിക്കുന്നുവെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്. മികച്ച മാർക്കുള്ള വിദ്യാർഥികൾ പോലും നേരത്തെ സീറ്റ് ഉറപ്പാക്കാൻ വൻ തുക കോഴ നൽകേണ്ടി വരുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരാതി ഉന്നയിക്കാൻ സർവകലാശാല പ്രത്യേക പോർട്ടൽ രൂപവത്കരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.