കഞ്ചാവ്​ വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവൻ പിടിയിൽ

അങ്കമാലി: കേരളത്തിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവൻ പിടിയിൽ. ആന്ധ്ര പഡേരു സന്താരി ബലോർദ ബോഞ്ചി ബാബുവിനെയാണ് (34) ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്ര-ഒഡിഷ അതിർത്തിയിലെ ഒളിസങ്കേതത്തിൽനിന്ന്​ പിടികൂടിയത്. നവംബറിൽ ബോഞ്ചി ബാബുവിന്റെ കേരളത്തിലെ കഞ്ചാവ് വിതരണക്കാരെ അങ്കമാലിയിൽ​നിന്ന്​ 225 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘം ദിവസങ്ങളോളം പഡേരുവിൽ ക്യാമ്പ് ചെയ്താണ് അറസ്റ്റ് ചെയ്തത്‌. ഇതിനിടെ പ്രതിയെ മോചിപ്പിക്കാൻ കൂട്ടാളി സംഘം ശ്രമം നടത്തിയെങ്കിലും ആന്ധ്ര പൊലീസിന്റെ സഹായത്തോടെ തടഞ്ഞു. വിവിധ ഭാഷകൾ അറിയാവുന്ന ബിരുദധാരിയാണ്‌ പ്രതിയെന്ന് പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇയാൾ ഉൾപ്പെടുന്ന സംഘം വിതരണം ചെയ്തു വന്നിരുന്നത്​. കേരളത്തിലെ കഞ്ചാവ് വിൽപനക്കാർ ആന്ധ്രയിലെത്തി കച്ചവടം ഉറപ്പിച്ചശേഷം ഇയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയാണ് പതിവ്​. കേരളത്തിലെത്തിച്ച 800 കിലോയോളം കഞ്ചാവാണ് ഒന്നരവർഷത്തിനിടെ റൂറൽ പൊലീസ് പിടികൂടിയത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ഇൻസ്​പെക്ടർ സോണി മത്തായി, എസ്.ഐ ടി.എം. സൂഫി, എ.എസ്.ഐ ആന്റോ, എസ്.സി.പി.ഒമാരായ റോണി അഗസ്റ്റിൻ, ജിമ്മോൻ ജോർജ്, ശ്യാംകുമാർ, പ്രസാദ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.