കെ.എസ്​.ആർ.ടി.സി ബസുകൾ കുറഞ്ഞു; വിദ്യാർഥികൾക്ക്​ യാ​ത്രാദുരിതം

സ്റ്റുഡന്‍റ്​ ബോണ്ട്​ സർവിസ് പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യം കോഴി​ക്കോട്​: ദേശസാൽ​കൃത റൂട്ടുകളിൽ ഓർഡിനറി കെ.എസ്​.ആർ.ടി.സി ബസുകൾ കോവിഡ്​കാലത്തിനുശേഷം കുറഞ്ഞതോടെ വിദ്യാർഥികൾക്ക്​ യാത്രാദുരിതം. ​കോഴിക്കോട്​ നഗരത്തിൽനിന്ന്​ ​കുന്ദമംഗലം, ​കൊടുവള്ളി, താമര​ശ്ശേരി, അടിവാരം, കൽപറ്റ തുടങ്ങിയ സ്ഥലങ്ങളിലേക്ക്​ പോകുന്ന ബസുകൾ കാര്യമായി കുറഞ്ഞു. കുറ്റ്യാടി, തൊട്ടിൽപാലമടക്കമുള്ള മറ്റ്​ റൂട്ടുകളിലും ഇതാണ്​ അവസ്ഥ. ഓർഡിനറി ബസുകളിലും ഓർഡിനറി ടി.ടിയിലും മാത്രമാണ്​ വിദ്യാർഥികൾക്ക്​ യാത്ര ഇളവുള്ളത്​. പാസ് വിതരണം വ്യാഴാഴ്ച മുതലാണ്​. കോവിഡിനു​ മുമ്പ്​ ഓടിയ ഷെഡ്യൂളുകളിൽ 40 ശതമാനത്തോളം ഓർഡിനറി ബസുകൾ കുറഞ്ഞിട്ടുണ്ട്​. തിരക്കുള്ള രാവിലെയും വൈകീട്ടും ബസുകളുടെ എണ്ണം കുറവാണെന്ന്​ വിദ്യാർഥികൾ പറഞ്ഞു. കെ.എസ്​.ആർ.ടി.സി സർവിസുകൾ കുറഞ്ഞതോടെ സ്വകാര്യ ബസുകളിൽ തിരക്കേറിയിട്ടുണ്ട്​. ബസ്​സ്​റ്റാൻഡുകളിൽ ഏറെനേരം കാത്തിരുന്നശേഷം മാത്രമാണ്​ വിദ്യാർഥികൾക്ക്​ സ്വകാര്യബസിൽ കയറിപ്പറ്റാനാകുന്നത്​. കഴിഞ്ഞ നവംബറിൽ സ്കൂളുകൾ തു​റന്നു​പ്രവർത്തിച്ചപ്പോൾ സ്റ്റുഡന്‍റ്​ ബോണ്ട്​ സർവിസ്​ എന്നപേരിൽ ബസുകൾ ഓടിക്കാൻ പദ്ധതിയിട്ടിരുന്നു. സ്കൂൾ ബസുകൾക്കു പകരം കെ.എസ്​.ആർ.ടി.സി ബസ്​ ഓടിക്കാനായിരു​ന്നു ലക്ഷ്യമിട്ടത്​. ടിക്കറ്റ്​ നിരക്കിന്‍റെ കാര്യത്തിൽ ഒത്തുതീർപ്പാകാഞ്ഞതിനെ തുടർന്ന്​ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതി നടപ്പാകുന്നുവെന്നറിഞ്ഞതോടെ നിരവധി സ്കൂളുകളായിരുന്നു കെ.എസ്​.ആർ.ടി.സി അധികൃതരെ സമീപിച്ചത്​. ​ബസ്​ ചാർജ്​ പി.ടി.എ പിരിച്ചു നൽകണമെന്നും ടിക്കറ്റ്​ നിരക്കിന്‍റെ 25 ശതമാനം നൽകണമെന്നുമായിരുന്നു ആദ്യം നിർദേശിച്ചത്​. സ്കൂളുകൾ നൽകാമെന്ന്​ അറിയിച്ച തുക മതിയാകാതെവന്നതോടെ ജില്ലയിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ബസ്​ ജീവനക്കാരുടെ കുറവും ഈ പദ്ധതിക്ക്​ വിലങ്ങുതടിയായി. നിലവിലെ സാഹചര്യത്തിൽ ഈ പദ്ധതി പുനരുജ്ജീവിപ്പിച്ചാൽ കൂടുതൽ വിദ്യാർഥികൾക്ക്​ സൗകര്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.