വലിയങ്ങാടിയിലെ സിൻഡിക്കേറ്റ്​ ബാങ്ക്​ കെട്ടിടം പൊളിച്ചുതുടങ്ങി

കോഴിക്കോട്​: വലിയങ്ങാടിയിൽ അപകടഭീഷണിയുയർത്തിയ ബാങ്ക്​ കെട്ടിടം പൊളിച്ചുതുടങ്ങി. സിൻഡിക്കേറ്റ്​ ബാങ്കിന്‍റെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മൂന്നുനില കോൺക്രീറ്റ്​ കെട്ടിടമാണ്​ പൊളിച്ചുനീക്കുന്നത്​. ജീർണിച്ച്​ പൊളിഞ്ഞുവീഴാറായ കെട്ടിടം ജീവനും സ്വത്തിനും ഭീഷണിയാണെന്ന്​ 'മാധ്യമം' റിപ്പോർട്ട്​ ചെയ്തതിനെ തുടർന്ന്​ കോഴി​ക്കോട്​ കോർപറേഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു. ബാങ്ക് അധികൃതർ ടെൻഡറിലൂടെയാണ്​ പൊളിച്ചുനീക്കാൻ കരാർ കൊടുത്തത്​. മുകൾനിലയിൽ നിന്നാണ്​ പൊളി ആരംഭിച്ചത്​. പൊളിക്കു​മ്പോൾ അപകടസാധ്യതയുള്ളതിനാൽ പൊലീസ്​ ഇടപെട്ട്​ അപകട ഭീഷണി ഒഴിവാക്കണമെന്ന്​ വാർഡ്​ കൗൺസിലർ എസ്​.കെ. അബൂബക്കർ ആവശ്യപ്പെട്ടു. കെട്ടിടം ജീർണാവസ്ഥയിലായതിനാൽ പൊളിക്കുന്നതിനിടെ റോഡിലേക്ക്​ വീഴുമോയെന്നാണ്​ കച്ചവടക്കാരുടെ ആശങ്ക. ഫയർഫോഴ്​സ്​ കെട്ടിടം പരിശോധിച്ച്​ ഉടൻ പൊളിച്ചു നീക്കണമെന്ന്​ റിപ്പോർട്ട്​ നൽകിയിരുന്നു. വർഷങ്ങൾക്കുമുമ്പ് കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന്​ ബാങ്കിന്‍റെ പ്രവർത്തനം തൊട്ടടുത്ത കെട്ടിടത്തിലേക്ക്​ മാറ്റിയിരുന്നു. ഇതോടെ ഉപയോഗശൂന്യമായ കെട്ടിടം ജനജീവിതത്തിന്​ ഭീഷണിയായി. പലതവണ കെട്ടിടത്തിന്‍റെ മേൽഭാഗങ്ങൾ ഉൾപ്പെടെ അടർന്നുവീണ്​ വാഹനങ്ങൾ തകർന്നു. ചെറൂട്ടി റോഡിനോട്​ ചേർന്നുള്ള കെട്ടിടമായതിനാൽ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും ജനങ്ങൾക്കും ഭീഷണിയായിത്തുടങ്ങി. ഒരുകാലത്ത്​ വ്യാപാര കേ​ന്ദ്രത്തിലെ പ്രധാന ബാങ്ക്​ ആയിരുന്നു ഇത്​. 2020ൽ സിൻഡിക്കേറ്റ്​ ബാങ്ക്​ കനറാ ബാങ്കിൽ ലയിച്ചതാണ്​. image: valiyangadi kettidam photo vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.