ഇരിട്ടിയിൽ റോഡ് മുറിച്ചുകടക്കവേ രണ്ടുപേർ വാഹനമിടിച്ച് മരിച്ചു

അപകടം ഉളിയിലും പെരുമ്പറമ്പിലും ഇരിട്ടി: ഇരിട്ടിയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ചാണ് അപകടം. തില്ലങ്കേരി തെക്കംപൊയിലിൽ വാടകവീട്ടിൽ താമസിക്കുന്ന നാദാപുരം വിലങ്ങാട് സ്വദേശിനി സുമ (50) ഉളിയിൽ ടൗണിന് സമീപവും പെരുമ്പറമ്പ് മാവുള്ളകരിയിലെ കെ.വി. കുഞ്ഞിക്കണ്ണൻ (75) പെരുമ്പറമ്പ് സ്‌കൂളിന് സമീപവുമാണ്​ അപകടത്തിൽപെട്ടത്​. സുമ ഇരിട്ടി ടൗണിലെ ഹോട്ടൽ തൊഴിലാളിയാണ്. രാവിലെ 8.30ഓടെ ഹോട്ടലിലേക്ക് വരുന്നതിനിടെയായിരുന്നു ദാരുണാന്ത്യം. വീടിന് മുന്നിലൂടെ വരുന്ന ബസിന്‌ കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെത്തുടർന്ന് മകൻ തന്റെ സ്‌കൂട്ടറിൽ ഉളിയിൽ വരെ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ഇരിട്ടിയിലേക്ക് ബസ്​ കയറാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ മട്ടന്നൂർ ഭാഗത്തുനിന്ന് കോഴി കയറ്റി വരുകയായിരുന്ന പിക്അപ് ജീപ്പ് സുമയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക്​​ സാരമായി പരിക്കേറ്റ സുമയെ ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: ബാബു (കാർപന്റർ). മക്കൾ: അഖിൽ, ആതിര. സഹോദരങ്ങൾ: റജി, ഓമന, സുധ. ഇരിട്ടി-തളിപ്പറമ്പ് പാതയിൽ രാവിലെ 11.30ഓടെ പെരുമ്പറമ്പ് സ്‌കൂളിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോഴാണ്​ കുഞ്ഞിക്കണ്ണനെ വാഹനമിടിച്ചത്. പിക്അപ്പിനെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണനെ നാട്ടുകാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നളിനിയാണ് കുഞ്ഞിക്കണ്ണന്റെ ഭാര്യ. മക്കൾ: ഷാജി, ഷിജു. മരുമക്കൾ: പവിത്രൻ, ബിനിത, ഷീന. സുമയുടെ മൃതദേഹം മട്ടന്നൂർ പൊലീസും കുഞ്ഞിക്കണ്ണന്റെ മൃതദേഹം ഇരിട്ടി പൊലീസും ഇൻക്വസ്റ്റ് നടത്തിയശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.