ഓമശ്ശേരി: മുങ്ങിമരണങ്ങൾ തുടർക്കഥയായ വെസ്റ്റ് വെണ്ണക്കോട് മാതോലത്തിൻകടവിൽ പ്രശ്ന പരിഹാരത്തിന് പ്രദേശവാസികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ പറഞ്ഞു. കഴിഞ്ഞ ദിവസം വെണ്ണക്കോട് മരതക്കോട് സ്വദേശികളായ രണ്ടു കുട്ടികൾ കടവിൽ മുങ്ങിമരിച്ചിരുന്നു. എട്ടുവർഷത്തിനിടയിൽ 12 പേരുടെ ജീവൻ പൊലിയുന്നതിനിടയായ പാറയുള്ള ഭാഗത്താണ് കുളിക്കടവ് സ്ഥിതി ചെയ്യുന്നത്. കുട്ടികളാണ് അപകടത്തിൽ പെടുന്നവരിലേറെയും. പാറ വഴുവഴുപ്പുള്ളതിനാലും അടിയൊഴുക്ക് ശക്തമായതിനാലും ഇവിടെ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. വഴികളടച്ച് അനുയോജ്യമായ മറ്റൊരിടത്തേക്ക് കുളിക്കടവ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് പരിഗണിച്ച് ഈ വാർഷിക പദ്ധതിയിൽതന്നെ ഫണ്ടനുവദിക്കുമെന്നും ജില്ല, ബ്ലോക്ക് പഞ്ചായത്തുകളെ പദ്ധതിയുമായി സഹകരിപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. ഓമശ്ശേരി ഗ്രാമപഞ്ചായത്തും കൊടുവള്ളി മുനിസിപ്പാലിറ്റിയും അതിർത്തി പങ്കിടുന്ന പ്രദേശമാണ് മാതോലത്തിൻകടവ്. ദുരന്തം നടന്ന മാതോലത്തിൻകടവും മരിച്ച വിദ്യാർഥികളുടെ വീടുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ, ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. രാധാമണി,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി.സുഹറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.പി. ഷഹന, താമരശ്ശേരി തഹൽസിദാർ സി. സുബൈർ, ഡെപ്യൂട്ടി തഹൽസിദാർ നിസാമുദ്ദീൻ, പഞ്ചായത്തംഗങ്ങളായ മൂസ നെടിയേടത്ത്, അശോകൻ പുനത്തിൽ, പുത്തൂർ വില്ലേജ് ഓഫിസർ എൻ. സുജിത്ത് എന്നിവർ സന്ദർശിച്ചു. 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുളിക്കടവ് ഉൾപ്പെടെ നിർമാണങ്ങൾ നടത്തുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഫോട്ടോ: മുങ്ങിമരണങ്ങൾ തുടർക്കഥയായ മാതോലത്തിൻ കടവിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.