സ്കൂളുകളിൽ കായിക വിദ്യാഭ്യാസ സുരക്ഷക്ക് മാർഗരേഖ പുറപ്പെടുവിക്കണം -ബാലാവകാശ കമീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കായിക വിദ്യാഭ്യാസ സുരക്ഷക്ക്​ വിശദ മാർഗരേഖ പുറപ്പെടുവിക്കാൻ ബാലാവകാശ കമീഷൻ ഉത്തരവിട്ടു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാവുകയും പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളിൽ നിയമിക്കരുത്. ഇതുസംബന്ധിച്ച്​ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയും ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമീഷൻ അംഗം ബി. ബബിത നിർദേശം നൽകി. കോഴിക്കോട്ട്​ കായികാധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം പൂർത്തീകരിച്ച് താമരശ്ശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കുറ്റപത്രം സമർപ്പിക്കണം. അധ്യാപകനെതിരെ ആരംഭിച്ച വകുപ്പുതല നടപടി സ്കൂൾ മാനേജർ പൂർത്തീകരിച്ച് തുടർനടപടി സ്വീകരിക്കണം. അഡ്വ. ബിജോയ് കെ. ഏലിയാസ് ബാലാവകാശ കമീഷന് നൽകിയ പരാതിയുടെ പൊതുസ്വഭാവം പരിഗണിച്ചാണ് ഉത്തരവ്. കായിക പരിശീലനവുമായും മറ്റും ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മാർഗരേഖയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ: പെൺകുട്ടികളുടെ കായിക പരിശീലന സമയത്ത് നിർബന്ധമായും വനിത പരിശീലകരുടെയോ ഏതെങ്കിലും അധ്യാപികയുടെയോ മേൽനോട്ടം ഉറപ്പാക്കണം. പെൺകുട്ടികൾ മാത്രം താമസിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ പൂർണമായും വനിത ജീവനക്കാരുടെ നിയന്ത്രണത്തിലായിരിക്കണം. രാത്രി പുരുഷന്മാർ പരിശീലനം നൽകുമ്പോൾ അധ്യാപികമാരുടെയോ മറ്റോ സാന്നിധ്യം ഉറപ്പാക്കണം. കായിക പരിശീലകൻ കുട്ടികളോട് ശിശുസൗഹാർദപരമായി പെരുമാറണം. നിയമലംഘനം ബോധ്യപ്പെട്ടാൽ പ്രോസിക്യൂഷൻ ഉൾപ്പെടെ വകുപ്പുതല നടപടികൾ സ്വീകരിക്കണം. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ വിഷയങ്ങൾ അവതരിപ്പിക്കാനും പ്രഥമാധ്യാപകനും കുട്ടികളും രക്ഷാകർത്താക്കളും സ്കൂൾ കൗൺസിലറും ഉൾപ്പെടുന്ന പരാതി പരിഹാര സമിതി രൂപവത്​കരിക്കണം. ദൂരെ സ്ഥലങ്ങളിൽ കായികമത്സരത്തിനും പരിശീലനത്തിനുമായി കുട്ടികളെ കൊണ്ടുപോകുമ്പോൾ പെൺകുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ വനിത അധ്യാപികയെയോ രക്ഷാകർത്താക്കളുടെ പ്രതിനിധിയെയോ സംഘത്തിൽ ഉൾപ്പെടുത്തണം. ലൈംഗികാതിക്രമ പരാതി ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറണം. ശിപാർശകളിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി രണ്ടുമാസത്തിനകം കമീഷനെ അറിയിക്കാനും നിർദേശം നൽകി. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.