കുന്ദമംഗലം: മെയ് നാലിന് വോട്ടെണ്ണുമ്പോൾ നിയോജക മണ്ഡലത്തിൽനിന്ന് എത്ര എം.എൽ.എമാർ ഉണ്ടാകുമെന്ന കൗതുകത്തിലാണ് നാട്ടുകാർ. മണ്ഡലത്തിന് പുറത്ത് വിവിധയിടങ്ങളിൽ മത്സരിക്കുന്ന മണ്ഡലത്തിലുള്ള അഞ്ച് പേരാണ് ഉള്ളത്. കൊടുവള്ളിയിൽ മത്സരിക്കുന്ന പി.കെ. ഫിറോസ്, പേരാമ്പ്രയിൽ മത്സരിക്കുന്ന ഫാത്തിമ തഹ് ലിയ, കൽപ്പറ്റയിൽ മത്സരിക്കുന്ന ടി. സിദ്ദീഖ്, ചിറഴിൻകീഴിൽ മത്സരിക്കുന്ന രമ്യ ഹരിദാസ്, ഏലത്തൂരിൽ മത്സരിക്കുന്ന വിദ്യ ബാലകൃഷ്ണൻ എന്നിവരാണ് കുന്ദമംഗലം മണ്ഡലത്തിൽനിന്ന് മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്നവർ. അഞ്ച് പേരും യു.ഡി.എഫ് സ്ഥാനാർഥികളായാണ് മത്സരിച്ചത്. എന്നാൽ, ഇത്രയും നാട്ടുകാർ മത്സരിച്ചിട്ടും കുന്ദമംഗലത്ത്നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന എം.എൽ.എ മണ്ഡലത്തിന് പുറത്ത് നിന്നായിരിക്കുമെന്ന മറ്റൊരു കൗതുകവുമുണ്ട്.
പതിമംഗലം സ്വദേശിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഇത്തവണ ജനവിധി തേടിയത് കൊടുവള്ളിയിൽ നിന്നാണ്. കഴിഞ്ഞ തവണ താനൂരിൽനിന്ന് നേരിയ മാർജിനിൽ പരാജയപ്പെടുകയായിരുന്നു. ഇത്തവണ വിജയിക്കുമെന്നാണ് ഫിറോസിന്റെ ആത്മവിശ്വാസം. നിയോജക മണ്ഡലത്തിലെ പെരുമണ്ണ സ്വദേശിയാണ് നിലവിലെ കൽപ്പറ്റ എം.എൽ.എയായ ടി. സിദ്ദീഖ്. 2016ൽ കുന്ദമംഗലത്ത്നിന്ന് മത്സരിച്ചെങ്കിലും പി.ടി.എ. റഹീമിനോട് പരാജയപ്പെട്ടു. 2021ൽ കൽപ്പറ്റയിൽനിന്ന് നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും സിദ്ദീഖ് കൽപ്പറ്റയിൽ നിന്നാണ് ജനവിധി തേടിയത്. പേരാമ്പ്രയിൽ മത്സരിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ് ലിയ പൂവാട്ടുപറമ്പ് സ്വദേശിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ കൗൺസിലറായി തെരെഞ്ഞെടുക്കപെട്ടിരുന്നു. പേരാമ്പ്രയിൽ വലിയ വിജയ പ്രതീക്ഷയിലാണ് ഫാത്തിമ തഹ് ലിയ.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ നിന്നാണ് കുറ്റിക്കാട്ടൂർ പാലാട്ടുമീത്തൽ സ്വദേശിയായ രമ്യ ഹരിദാസ് ജനവിധി തേടിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് രമ്യ ഹരിദാസ് ആലത്തൂരിൽനിന്ന് ലോക്സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എലത്തൂർ മണ്ഡലത്തിൽ മത്സരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ പിലാശ്ശേരി സ്വദേശിയാണ്. ഇത്തവണ എലത്തൂരിൽ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട് വിദ്യ.അതേസമയം കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുക മണ്ഡലത്തിന് പുറത്തുള്ളയാളായിരിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ. റഹീം, യു.ഡി.എഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്റർ എന്നിവർ കൊടുവള്ളി സ്വദേശികളാണ്. എൻ.ഡി.എ സ്ഥാനാർഥി വി.കെ. സജീവൻ കുറ്റ്യാടി മണ്ഡലത്തിലെ വള്ളിയാട് സ്വദേശിയാണ്. ഒരുപക്ഷേ കുന്ദമംഗലത്തുനിന്ന് നിരവധി എം.എൽ.എമാർ വന്നാലും കുന്ദമംഗലം എം.എൽ.എ മണ്ഡലത്തിന് പുറത്ത് നിന്നാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.