വടകര പുതിയ സ്റ്റാൻഡിന് സമീപത്തെ സിറ്റി ലോഡ്ജ് വടകര നഗരസഭ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടുന്നു
വടകര: വടകര നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മലിനജലം ഓടയിലേക്ക് ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് പുതിയ സ്റ്റാൻഡിന് സമീപത്തെ സിറ്റി ലോഡ്ജ് നഗരസഭ അടച്ചുപൂട്ടി.
ദേശീയപാതയോട് ചേർന്ന നഗരത്തിലെ ഓവുചാലിലേക്ക് മലിനജലവും കക്കൂസ് മാലിന്യവും ഒഴുകിയെത്തിയതിനെ തുടർന്ന് മൂന്ന് ദിവസമായി നഗരസഭ ആരോഗ്യ വകുപ്പ് പരിശോധന നടത്തി വരികയാണ്.
സിറ്റി ലോഡ്ജിനെതിരെ നേരത്തെതന്നെ നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിനാൽ ആരോഗ്യ വകുപ്പ് ലോഡ്ജിൽ പരിശോധന നടത്തി മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ തേടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ലോഡ്ജിന്‍റെ പിൻഭാഗത്തെ ഓടയിലേക്ക് വീണ്ടും മലിനജലമൊഴുക്കി വിടുന്നതായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. താമസക്കാരെ ഒഴിപ്പിച്ചാണ് ലോഡ്ജ് അധികൃതർ സീൽ ചെയ്തത്. ലോഡ്ജിന്‍റെ ഒരു ഭാഗത്ത് ഇതര സംസ്ഥാനക്കാരായ സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരെ താമസിപ്പിച്ചതായും കണ്ടെത്തി. ഇവർക്ക് മറ്റൊരിടത്തേക്ക് മാറാൻ വൈകീട്ട് വരെ സമയം നൽകി.
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതിയുണ്ടായിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്ന കർശന പരിശോധനയിൽ ഇതുവരെ അഞ്ച് ഹോട്ടലുകൾക്കും രണ്ട് സ്ഥാപനങ്ങൾക്കുമെതിരെയാണ് പിഴ ഉൾപ്പെടെ നടപടി അധികൃതർ സ്വീകരിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ റോഡിന് ഇരുവശങ്ങളിലുമുള്ള ഒഴുക്കു ചാലുകൾ സ്ലാബ് നീക്കി പരിശോധന നടത്തും. ഇതിനായി പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതി ലഭ്യമാകേണ്ടതുണ്ട്. ക്ലീൻ സിറ്റി മാനേജർ കെ.പി. രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. ഷാജിദ്, വി. മനീഷ, എം.എൽ. ഷെറിൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ടിജൻസി ജീവനക്കാർ ഉൾപ്പെടെയുളള സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.