വൈക്കം: വനിത സ്പോർട്സ് അക്കാദമിയുടെ കീഴിൽ ഇറുമ്പയം കോളനിയിൽ ഹിൽ റൺ വിത് ഫുട്ബാൾ പരിശീലനം തുടങ്ങി. തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഹിൽ റൺ വിത് ഫുട്ബാൾ പരിശീലനം ആരംഭിച്ചത്. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ്, കേരള ഹോക്കി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സോജി എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന ക്യാമ്പ്.
ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെയൊരു പരിശീലനമെന്ന് സംഘാടകർ പറഞ്ഞു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ താരങ്ങൾ വനിത സ്പോർട്സ് അക്കാദമിയിൽനിന്ന് സൗജന്യ പരിശീലനം നേടുന്നുണ്ട്. മികച്ച കളിക്കാരെ വാർത്തെടുക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധി അക്കാദമിക്ക് വെല്ലുവിളിയാവുന്നുണ്ട്. ബ്രസീലിലും യൂറോപ്യൻ രാജ്യങ്ങളിലും ഫുട്ബാൾ താരങ്ങൾക്ക് മൗണ്ടൻ ട്രെയിനിങ് നൽകുന്നുണ്ട്.
വേഗവും സ്റ്റാമിനയും പന്തടക്കവും നേടാൻ ഇതു കളിക്കാരെ സഹായിക്കുന്നു. അന്തർദേശീയ താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സിന്റെ നാടായ എറണാകുളം ജില്ലയിലെ നാമക്കുഴിയിലും പരിശീലനം നടക്കുന്നുണ്ട്. കോട്ടയം ജില്ല സബ് ജൂനിയർ ഹോക്കി ടീമും സീനിയർ കോട്ടയം ജില്ല ടീമും തമ്മിലുള്ള സൗഹൃദ മത്സരവും പരിശീലന ഭാഗമായി സംഘടിപ്പിച്ചു. സബ് ജൂനിയർ ടീമിനായിരുന്നു വിജയം. അടുത്തുവരുന്ന സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ താരങ്ങൾക്കു മികവ് പകരുകയാണു പരിശീലന ലക്ഷ്യം. ടി.വി. പൂരം സ്വദേശി മുൻ വോളി താരം ബാലകൃഷ്ണനാണ് വനിത സ്പോർട്സ് അക്കാദമി കോഓഡിനേറ്റർ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഫുട്ബാൾ കോച്ച് ജോമോൻ ജേക്കബാണ് പരിശീലകൻ.
ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാമ്പ് താരങ്ങൾ ഉൾപ്പെടെ 24 ഓളം ദേശീയ താരങ്ങളും 100 സംസ്ഥാന താരങ്ങളും വനിത സ്പോർട്സ് അക്കാദമിയിൽനിന്ന് റോളർ സ്പോർട്സ്, ഫുട്ബാൾ, ഹോക്കി എന്നീ ഇനങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ജി.വി. രാജ സ്പോർട്സ് സ്കൂളിൽ നടക്കുന്ന കേരള സ്റ്റേറ്റ് സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലക്കു വേണ്ടി കളിക്കുന്നത് വനിത സ്പോർട്സ് അക്കാദമി താരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.