വനിതകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ‘സ്ത്രീ’ ക്ലിനിക്കുകൾ

കോട്ടയം: സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ആരംഭിച്ച ‘സ്ത്രീ’ (സ്ട്രെങ്തനിങ് ഹെർ ടു എംപവർ എവരിവൺ) കാമ്പയിനിന്‍റെ പ്രവർത്തനങ്ങളിൽ ജില്ലയിൽ പുരോഗതി. ജില്ലയിലെ 83 ആരോഗ്യ കേന്ദ്രങ്ങൾ വഴിയും 333 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ (സബ് സെന്‍ററുകൾ) വഴിയും ‘സ്ത്രീ’ ക്ലിനിക്കുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യപരമായ ശാക്തീകരണത്തിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്‍റെയും ആരോഗ്യം ഉറപ്പാക്കാൻ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് കാമ്പയിനിന് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 15ന് ആരംഭിച്ച കാമ്പയിൻ മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തിൽ സമാപിക്കും. ആരോഗ്യ ബോധവത്കരണം, പ്രതിരോധ പ്രവർത്തനങ്ങൾ, സാംക്രമികേതര രോഗങ്ങൾ നേരത്തേ കണ്ടെത്തൽ, സ്പെഷലിസ്റ്റ് കൺസൾട്ടേഷൻ ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിന്‍റെ ഭാഗമായി നടക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും പരിശോധന

അയൽക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകൾ വഴി 2026 മാർച്ച് എട്ടിനകം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യകേന്ദ്രങ്ങളിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നഴ്സ്, മിഡ്ലെവൽ സർവിസ് പ്രൊവൈഡർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. തുടർ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി വിദഗ്ധ മെഡിക്കൽ സേവനങ്ങൾ നൽകും.

ഇതിന് ആഴ്ചയിലൊരിക്കൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡെൻറൽ, ഫിസിയാട്രി ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആശ വർക്കർമാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളും നടന്നുവരുന്നു.

പത്തിനം പരിശോധന

കാമ്പയിന്‍റെ ഭാഗമായി ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്നുവരെ അയൽക്കൂട്ട സ്‌ക്രീനിങ് ക്യാമ്പ് നടത്തും. സ്ത്രീകളിലെ വിളർച്ച, പ്രമേഹം, രക്ത സമ്മർദം, സ്തനാർബുദം, വായിലെയും ഗർഭാശയ ഗളത്തിലെയും അർബുദം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അരിവാൾ രോഗം എന്നിവ നിർണയിക്കാൻ പത്തിനം പരിശോധന നടത്തും.

ജില്ലയിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലും ഇതിന്‍റെ ഭാഗമായ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ നടത്തി. പൊതു ശാരീരിക പരിശോധനകളും ടി.ബി. സ്‌ക്രീനിങ്, ഉയരം, ഭാരം, അമിതവണ്ണം, രക്തസമ്മർദം, ഹീമോഗ്ലോബിൻ, ജി.ആർ.ബി.എസ് എന്നിവയുടെ പരിശോധനകളും നടത്തുന്നുണ്ട്.

ഗർഭകാല പരിചരണത്തോടൊപ്പം മുലയൂട്ടൽ, അമിത രക്തസ്രാവം, ആർത്തവ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പരിചരണവും ലഭിക്കും. അയൺ, കാത്സ്യം ഗുളികകൾ ഉൾപ്പെടെ 36 തരം മരുന്നുകളും കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പുകളും ക്യാമ്പുകൾ വഴി നൽകുന്നു.

Tags:    
News Summary - Women clinics to ensure womens health care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.