വി.വി.ഐ.പി സന്ദർശനം; ജനത്തെ റോഡിൽ ‘ബന്ദി’യാക്കി പൊലീസ്​

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷയുടെ പേരിൽ ആളുകളെ മണിക്കൂറോളം റോഡുകളിൽ ‘ബന്ദിയാക്കി’ പൊലീസ്. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയും കോട്ടയം നഗരത്തിൽ ഇതായിരുന്നു സ്ഥിതി. പ്രധാന റോഡിന് മീറ്ററുകൾക്ക് അപ്പുറം ജനങ്ങളെ തടഞ്ഞു. ട്രാഫിക് നിയന്ത്രണം മുതൽ രാഷ്ട്രപതിയുടെ ഹെലികോപ്ടർ വരെ ചർച്ചാവിഷയമായ രണ്ടു ദിവസമാണു കടന്നുപോയത്.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അത് ഇത്രക്ക് കടുക്കുമെന്ന് ആരും കരുതിയില്ല. വ്യാഴാഴ്ച വൈകുന്നേരം 4.50 നാണ് പാലായിൽനിന്ന് രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങിയത്. ഉച്ചക്ക് രണ്ടു മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവർ രണ്ടിനു മുമ്പ് എത്തണമെന്നു നിർദേശിച്ചിരുന്നു. കോട്ടയത്തുനിന്ന് കുമരകത്തേക്ക് റോഡ് മാർഗമാണ് രാഷ്ട്രപതി കുമരകത്തേക്ക് പോയത്. അഞ്ചര യോടെ കുമരകത്ത് എത്തി. അതിന് ശേഷമാണ് കോട്ടയം നഗരത്തിലേക്കുള്ള വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പു പ്രകാരം ഉച്ചയോടെ സ്കൂൾ വിട്ടുതുടങ്ങി. ഓഫിസുകളിൽനിന്നും പലരും മടങ്ങി. തട്ടുകടകളും രാഷ്ട്രപതിയുടെ വാഹനവ്യൂഹം പോകുന്ന വഴിയോരത്തെ ഓട്ടോ സ്റ്റാൻഡുകളും അടഞ്ഞുകിടന്നു.

വെള്ളിയാഴ്ച ഇരട്ടിയായിരുന്നു ജനങ്ങളുടെ ദുരിതം. രാവിലെ 11ന് രാഷ്ട്രപതി കോട്ടയത്തുനിന്ന് ഹെലികോപ്ടറിൽ യാത്ര തിരിക്കുമെന്നായിരുന്നു അറിയിപ്പ്. പത്തോടെയാണ് കുമരകത്തുനിന്ന് രാഷ്ട്രപതിയുടെ വാഹനവ്യൂഹം യാത്ര തിരിച്ചത്. ഒമ്പതരക്ക് തന്നെ നഗരത്തിലേക്കുള്ള പ്രധാന റോഡിലേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു.

കോട്ടയം-കുമരകം റോഡിലൂടെ ഒരു വാഹനങ്ങളും കടത്തിവിട്ടില്ല. മാത്രമല്ല ഈ റോഡിലേക്ക് എത്തേണ്ട ഇടറോഡുകളിൽ അര കിലോമീറ്റർ അപ്പുറത്ത് തന്നെ വാഹനങ്ങൾ തടഞ്ഞു. സ്വകാര്യ ബസുകളിലും വാഹനങ്ങളിലുമായി ഓഫിസുകളിലും മറ്റും പോകാനെത്തിയവർ അക്ഷരാർഥത്തിൽ വലഞ്ഞു. പലരും ഏറെ വൈകിയാണ് ഓഫിസിൽ എത്തിയത്. സ്വകാര്യബസുകൾ വഴിയിൽ യാത്ര അവസാനിപ്പിച്ചതിനാൽ പലർക്കും നടന്നുപോകേണ്ടിവന്നു.

കുമരകത്ത് ഹെലിപ്പാഡില്ലാത്തതിനാലാണ് തങ്ങൾ ഇത്രയും ദുരിതം അനുഭവിക്കുന്നതെന്ന് പലരും പരാതിപ്പെട്ടു. കാൽനടയായി പ്രധാന റോഡിലേക്ക് കയറിയവർക്ക് ബാരിക്കേഡുകൾ സ്ഥാപിച്ചതിനാൽ അതുവഴിയുള്ള യാത്രയും ദുരിതപൂർണമായി. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡരികിലെ സാധനങ്ങളും ഉന്തുവണ്ടികളുമെല്ലാം പൊലീസ് മാറ്റിച്ചിരുന്നു. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമൊന്നും പ്രധാന റോഡിൽ പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നില്ല.

കുമരകത്ത് ഹെലിപ്പാഡില്ലാത്തതിനാലാണ് വി.വി.ഐ.പികൾ കോട്ടയത്ത് ഇറങ്ങി പോകേണ്ടിവരുന്നത്. പരിസ്ഥിതി സൗഹാർദ പ്രദേശമായ കുമരകത്ത് ഹെലിപാഡ് വരുന്നത് ആവാസവ്യവസ്ഥയെയും പക്ഷികളെയും സാരമായി ബാധിക്കുമെന്നും പറയുന്നു. കുമരകത്ത് മിനി വിമാനത്താവളം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. മുമ്പ് പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയ് കുമരകത്ത് താമസിച്ച സമയത്താണ് ഈ ആവശ്യം ഉയർന്നത്.

Tags:    
News Summary - VVIP visit; Police hold people on road as part of security concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.