വടവാതൂർ മാലിന്യകേന്ദ്രത്തിൽ ബയോ-മൈനിങ് വഴി മാലിന്യം തരംതിരിക്കുന്നു
കോട്ടയം: നഗരസഭയുടെ മാലിന്യകേന്ദ്രമായ വടവാതൂർ ക്ലീനാകുന്നു. ബയോ-മൈനിങ് വഴി ഇതുവരെ 3500 മീറ്റർ ക്യൂബ് മാലിന്യം നീക്കി. 200 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം സിമന്റ് ഫാക്ടറിയിലേക്ക് കൊണ്ടുപോയി.
ആകെ 101179 മീറ്റർ ക്യൂബ് മാലിന്യമാണ് ഇവിടെയുള്ളത്. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക പിന്തുണയിൽ ബയോ-മൈനിങ് ആൻഡ് ബയോ-റെമഡിയേഷൻ പ്രക്രിയയിലൂടെയാണ് മാലിന്യം നീക്കുന്നത്. ഒരു ട്രോമലും മൂന്ന് കൺവെയർ ബെൽറ്റുമാണ് മാലിന്യം തരംതിരിക്കാൻ ഉപയോഗിക്കുന്നത്. മണ്ണ്, 45 എം.എമ്മിൽ കൂടുതലും കുറവുമുള്ള പ്ലാസ്റ്റിക് മാലിന്യം എന്നിങ്ങനെ മൂന്നായാണ് മാലിന്യം തിരിക്കുന്നത്.
മണ്ണ് അപകടകരമല്ലെന്ന് പരിശോധന നടത്തി ഉറപ്പിച്ച ശേഷം സ്ഥലത്ത് തന്നെ നിക്ഷേപിക്കും. 45 എം.എമ്മിൽ കൂടുതലുള്ള പ്ലാസ്റ്റിക് പുനരുപയോഗ സാധ്യതയില്ലാത്തതിനാൽ തിരുച്ചിറപ്പള്ളി ഡാൽമിയപുരത്തുള്ള ഡാൽമിയ ഭാരത് ലിമിറ്റഡിന്റെ സിമന്റ് ഫാക്ടറിയിലെത്തിച്ച് ഇന്ധനത്തിനൊപ്പം കത്തിക്കാൻ ഉപയോഗിക്കും. 45 എം.എമ്മിൽ താഴെയുള്ളത് പുനഃചംക്രമണത്തിന് വിധേയമാക്കും. കാലങ്ങളായി മണ്ണിലമർന്ന മാലിന്യമാണ് നീക്കുന്നത്. ജനുവരി 13നാണ് ബയോമൈനിങ് തുടങ്ങിയത്. മേയ് 30നകം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. രണ്ട് ഷിഫ്റ്റുകളിലായി 12 തൊഴിലാളികളാണ് ജോലിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.