കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ബസ് ബേയെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ പരസ്പരം ഏറ്റുമുട്ടി ചെയർപേഴ്സനും വൈസ് ചെയർമാനും. തന്നോടൊപ്പം നിന്ന് കാര്യങ്ങൾ ചെയ്യേണ്ട വൈസ് ചെയർമാൻ പല കാര്യങ്ങളിലും ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പറഞ്ഞ ചെയർപേഴ്സനോട് കഴിവില്ലെങ്കിൽ ഇറങ്ങിപ്പോകണമെന്ന് വൈസ് ചെയർമാൻ പറഞ്ഞു. തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് ബസ്ബേ തുടങ്ങുന്ന വിഷയമാണ് ഇരുവരും തമ്മിൽ വാക്കേറ്റത്തിനിടയാക്കിയത്. ഏപ്രിൽ ഒന്നുമുതൽ ബസ് ബേ തുടങ്ങാൻ മുന്നൊരുക്കം തുടങ്ങുമെന്നാണ് കഴിഞ്ഞ കൗൺസിലിൽ തീരുമാനിച്ചത്.
ലീഗൽ സർവിസ് അതോറിറ്റിയിൽ നിലവിലുള്ള കേസിൽ ഇക്കാര്യം അറിയിച്ചിരുന്നു. ഈ മാസം ഒമ്പതായിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വൈസ്ചെയർമാൻ ബി. ഗോപകുമാർ ചോദിച്ചു. ബസ് ബേ ഇല്ലാത്തതിനാൽ യാത്രക്കാർ കൊടുംവെയിലിൽ പരക്കം പായുകയാണ്. നാലുവർഷം ഭരിച്ചിട്ട് എന്താണ് ചെയ്യാൻ പറ്റിയത്. ഈ തോന്നിവാസം അവസാനിപ്പിച്ചില്ലെങ്കിൽ തിരുനക്കര ക്ഷേത്രം ഉപദേശകസമിതി, റസിഡന്റ്സ് അസോസിയേഷൻ, വ്യാപാരികൾ, പ്രദേശവാസികൾ എന്നിവരുമായി ചേർന്ന് നഗരസഭക്ക് മുന്നിൽ ശക്തമായ സമരം ആരംഭിക്കുമെന്നും ഗോപകുമാർ പറഞ്ഞു. ഇതാണ് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യനെ ചൊടിപ്പിച്ചത്. ഭരണപരിചയമുള്ള വൈസ് ചെയർമാൻ തന്നോട് സഹകരിച്ച് മുന്നോട്ടുപോവണം എന്നും കൂടുതലൊന്നും പറയണ്ട എന്നും ചെയർപേഴ്സനും പറഞ്ഞു. അത്തരം വില കുറഞ്ഞ പ്രസ്താവന വേണ്ടെന്ന് വൈസ് ചെയർമാനും.
അൽപനേരം ഇരുവരും വാക്കേറ്റം തുടർന്നു. തുടർന്ന്, അഹങ്കാരം നിറഞ്ഞ വർത്തമാനം പുറത്തുപറഞ്ഞാൽ മതിയെന്ന് പറഞ്ഞ് വൈസ്ചെയർമാൻ ഇറങ്ങിപ്പോയി. ബസ്ബേ സംബന്ധിച്ച കൗൺസിൽ തീരുമാനം നടപ്പാക്കാൻ അന്നുതന്നെ അസി. എൻജിനീയറെ ഏൽപ്പിച്ചിരുന്നതായി ബിൻസി അറിയിച്ചു. സെക്രട്ടറിയുമായി ചർച്ച ചെയ്തപ്പോൾ താൽക്കാലിക ബസ് ബേക്ക് സ്പോൺസർഷിപ്പ് നോക്കാമെന്നായിരുന്നു അഭിപ്രായം. ഇതിന് എസ്റ്റിമേറ്റ് എടുത്തു. എന്നാൽ കലക്ടറുടെ ഉത്തരവില്ലാതെ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ബിൻസി കൗൺസിലിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.