ചങ്ങനാശ്ശേരി: തുരുത്തി - മുളക്കാന്തുരുത്തി - വിയപുരം - എടത്വ - പുതുക്കരി -മാമ്പുഴക്കരി - കിടങ്ങറ - കുന്നംകരി - കുമരങ്കരി - വാലടി - റോഡിന്റെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി നിര്‍മാണചുമതല എസ്.പി.എല്‍ ഇന്‍ഫ്രാ ലിമിറ്റഡ് കമ്പനിക്ക് ലഭിച്ചതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നാലാം പാക്കേജില്‍ ഉള്‍പ്പെടുത്തി ജര്‍മ്മന്‍ ബാങ്കിന്റെ ധനസഹായത്തോടെ കെ.എസ്.ടി.പി മുഖാന്തരം നിർമിക്കുന്ന റോഡിന്റെ ടെൻഡര്‍ നടപടികളാണ് പൂര്‍ത്തീകരിച്ചത്. ഭരണാനുമതി ലഭിച്ച തുകയില്‍ (156 കോടി) നിന്ന് ജി.എസ്.ടി തുക ഒഴിവാക്കിയുള്ള 107 കോടി രൂപയുടെ ടെൻഡറാണ് ക്ഷണിച്ചത്.
ആധുനിക രീതിയില്‍ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് പുനര്‍നിർമിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും റീറ്റെയിനിങ് വാളുകള്‍ നിർമിക്കും. ഉപരിതലം ബലപ്പെടുത്തുന്നതിന് ജിയോഗ്രിഡ് സംവിധാനം, ഭാരമേറിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡ് താഴ്ന്നുപോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ റോഡ് ബലപ്പെടുത്തുന്നതിനായി തെങ്ങിന്‍കുറ്റികള്‍ ഉപയോഗിച്ചുള്ള കോക്കനട്ട് പൈലിങ് എന്നിവയും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡില്‍ നിലവിലുള്ള എല്ലാ കള്‍വര്‍ട്ടുകളും വീതികൂട്ടി പുനർനിർമിക്കും. കൃഷിക്കാര്‍ക്ക് കൃഷി ഉപകരണങ്ങള്‍ കൊണ്ട് പോകാന്‍ സാധിക്കുന്ന തരത്തില്‍ അമ്പതോളം റാമ്പുകളും നിർമിക്കും.
ചങ്ങനാശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളില്‍ ഒന്നായ തുരുത്തി - മുളക്കാന്തുരുത്തി റോഡിന്റെ നിർമാണം റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കി നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനി തയ്യാറാകാതെ വന്നതോടെ നിർമാണപ്രവൃത്തി മുടങ്ങുകയിരുന്നു.
തുടര്‍ന്ന് എം.എല്‍.എയുടെ ശ്രമഫലമായി വീയപുരം മുതല്‍ മുളക്കാംതുരുത്തി വരെയുള്ള 22കിലോമീറ്റര്‍ റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കി. ജനുവരിയിൽ നടപടികള്‍ ആരംഭിക്കുകയും സാങ്കേതിക യോഗ്യത പരിശോധന പൂര്‍ത്തീകരിച്ച് ജർമന്‍ ബാങ്കിന്റെ അനുമതിയും ലഭ്യമായ ശേഷം ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിർമാണ ചുമതല എസ്.പി.എല്‍ ഇന്‍ഫ്രാ ലിമിറ്റഡ് കമ്പനിക്ക് നൽകുകയുമായിരുന്നു. 18 മാസത്തിനുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.