കോട്ടയം: കോരിച്ചൊരിഞ്ഞ മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളമുണ്ടാക്കിയ ദുരിതത്തിനു പിന്നാലെ ഇഴജന്തുക്കൾ ഭീതി വിതയ്ക്കുന്നു. പാമ്പും ഉടുമ്പും അട്ടയും ഒച്ചുമൊക്കെയാണ് സ്വൈരജീവിതത്തിന് ഭീഷണിയായത്. മലവെള്ളത്തിനൊപ്പം പലയിടങ്ങളിലും പെരുമ്പാമ്പ് ഉൾപ്പെടെ പാമ്പുകളും എത്തി.
താഴത്തങ്ങാടി, കുമ്മനം മേഖലകളിലാണ് അട്ടയും ഒച്ചും കൂടുതൽ. മറിഞ്ഞു കിടക്കുന്ന മരങ്ങളുടെ തൊലിക്കുള്ളിലും മേൽക്കൂരയിലുമാണ് അട്ടയുടെ സാന്നിധ്യമെങ്കിൽ കെട്ടിടങ്ങളുടെ ഭിത്തികളിലും മതിലുകളിലുമാണ് ഒച്ചുകളുടെ വിഹാരം. ഒച്ചുകൾ പച്ചക്കറികളിലും ഭക്ഷണ പദാർഥങ്ങളിലും കയറുന്നതു ദുരിതമാകുന്നു. വീടുകളിൽ നട്ടിരിക്കുന്ന പച്ചക്കറികളുടെ കൂമ്പും പൂവും ഒച്ച് തിന്നുന്നുണ്ട്. കറുത്ത അട്ടകളാകട്ടെ രൂക്ഷ ഗന്ധമാണുണ്ടാക്കുന്നത്.
പാമ്പുകളിൽ വിഷമുള്ളവയേയും അല്ലാത്തവയേയും തിരിച്ചറിയാനും പാടാണ്. അട്ടകൾ പൊതുവേ ഉപദ്രവകാരികളല്ലെങ്കിലും ഭക്ഷണപദാർഥങ്ങളിലുൾപ്പെടെ ഇവ വീഴുമോ എന്നാണ് ആശങ്ക. ഇവയെ നശിപ്പിക്കണമെങ്കിൽ കീടനാശിനി ഉപയോഗിക്കേണ്ടി വരും. ഒച്ചുകളുടെ ദേഹത്തു നിന്നു വരുന്ന വഴുവഴുപ്പുള്ള ദ്രാവകം വിഷമുള്ളതല്ല. എന്നാൽ ഇവയിൽ വസിക്കുന്ന ഒരുതരം വിരകൾ അസുഖങ്ങൾക്ക് കാരണമായേക്കാവുന്നതാണ്.
ഉപ്പ് വിതറുകയാണ് ഒച്ചുകളിൽനിന്ന് രക്ഷപെടാനുള്ള മാർഗം. ഞീഴൂർ ഉൾപ്പെടെ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം. മഠത്തിപ്പറമ്പ്- നീരാളക്കോട് പ്രദേശത്ത് ഒച്ച് ശല്യം രൂക്ഷമാണ്. റോഡരികിലും വീടുകളുടെ മതിലുകളിലും നൂറു കണക്കിന് ഒച്ചുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. മുറ്റത്തും കിണറുകളുടെ മതിലുകളിലും ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുണ്ട്.
ഇതുവരെ പഞ്ചായത്തും കൃഷിവകുപ്പും ആരോഗ്യവകുപ്പും നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ആഫ്രിക്കൻ ഒച്ച് പെരുകുന്നത് കൃഷിക്കും ആരോഗ്യത്തിനും വെല്ലുവിളിയായി. കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിന് ഇവ കാരണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.