വിമതൻമാർ വാഴുമോ, വീഴുമോ?

കോട്ടയം: അനുനയനീക്കങ്ങളും സമ്മർദങ്ങളും ഫലിച്ചില്ല. ജില്ലയിൽ പലയിടത്തും മുന്നണികൾക്ക് വിമതഭീഷണി. യു.ഡി.എഫിനാണ് കൂടുതൽ വിമതൻമാരുള്ളത്. കോട്ടയം നഗരസഭയിലെ നിലവിലെ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യന് എതിരെ 53ാം വാർഡിൽ വിമതൻ പ്രേംജോസ് കൂരമറ്റമാണ് മത്സരിക്കുന്നത്. ബിൻസി സെബാസ്റ്റ്യൻ കഴിഞ്ഞ തവണ വിമതയായി മത്സരിച്ചുജയിച്ചാണ് അഞ്ചുവർഷം ചെയർപേഴ്സനായിരുന്നത്. ഇത്തവണ ബിൻസി മാറിനിൽക്കണമെന്നായിരുന്നു പ്രേംജോസിന്‍റെ ആവശ്യം. എന്നാൽ കോൺഗ്രസ് ബിൻസിക്കൊപ്പമാണ് നിന്നത്. കൈപ്പത്തി അടയാളത്തിൽ മത്സരിപ്പിക്കുകയും ചെയ്യുന്നു. നഗരസഭയിലെ മറ്റ് വാർഡുകളിൽ വിമതശല്യമില്ല.

ചങ്ങനാശ്ശേരി നഗരസഭയിൽ രണ്ട്, 11, 16, 19, 30, 33, 34 വാർഡുകളിൽ വിമതരുണ്ട്. ഏറ്റുമാനൂർ നഗരസഭ 32ാം വാർഡിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പി. രാജീവ്, പാലാ നഗരസഭയിൽ 19ാം വാർഡിൽ സിറ്റിങ് കൗൺസിലർ മായ രാഹുൽ, കരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ നിലവിലെ പഞ്ചായത്ത് അംഗം സ്മിത ഗോപാലകൃഷ്ണൻ, ആർപ്പൂക്കര പഞ്ചായത്ത് 12ാംവാർഡിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, എരുമേലി പഴയിടം വാർഡിൽ പി. അനിത, ശ്രീനിപുരം വാർഡിൽ ലിസി സിജി എന്നിവർ വിമതരാണ്.

ഏറ്റുമാനൂർ നഗരസഭ 11ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് എതിരെ ദേശാഭിമാനി മുൻ ലേഖകൻ മോഹൻദാസാണ് വിമതനായി മത്സരിക്കുന്നത്. 30ാം വാർഡിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വി.പി. ബിനീഷ് എൽ.ഡി.എഫ് വിമതനാണ്. അയ്മനം പഞ്ചായത്ത് 20ാം വാർഡിൽ സി.പി.ഐയും സി.പി.എമ്മും മത്സര രംഗത്തുണ്ട്. സി.പി.ഐക്കായി അശ്വനി ദീപുവും സി.പി.എം സ്വതന്ത്രയായി രാജിയും മത്സരിക്കുന്നു. ഏറ്റുമാനൂർ നഗരസഭ 34ാം വാർഡിൽ എൻഡി.എ വിമതനായി സുരേഷ് വടക്കേടം മത്സരിക്കുന്നു.

പത്രിക പിൻവലിച്ചു

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മണർകാട് ഡിവിഷനിൽ യു.ഡി.എഫ് വിമത സ്ഥാനാർഥി റെജി എം. ഫിലിപ്പോസ് നാമനിർദേശ പത്രിക പിൻവലിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എക്കെതിരെ ആഞ്ഞടിച്ചാണ് റെജി എം. ഫിലിപ്പോസ് പത്രിക നൽകിയത്. എന്നാൽ അനുനയശ്രമത്തിന് വഴങ്ങി മത്സരത്തിൽനിന്ന് പിൻമാറുകയായിരുന്നു.

53ാംവാർഡിൽ അഞ്ച് സ്ഥാനാർഥികൾ

കോട്ടയം നഗരസഭ 53ാംവാർഡിൽ അഞ്ച് സ്ഥാനാർഥികളാണുള്ളത്. മൂന്നുമുന്നണികളുടെ സ്ഥാനാർഥികൾക്ക് പുറമേ യു.ഡി.എഫ് വിമതനും എസ്.ഡി.പി.ഐ സ്ഥാനാർഥിയുമാണ് രംഗത്ത്. നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യനാണ് ഔദ്യോഗിക സ്ഥാനാർഥി.

കഴിഞ്ഞ തവണ വിമതയായി മത്സരിച്ചുജയിച്ച ബിൻസി ഇത്തവണ കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ഗാന്ധിനഗര്‍ സൗത്ത് വാര്‍ഡിലായിരുന്നു ബിന്‍സി മത്സരിച്ചത്. ഇത്തവണ വാര്‍ഡ് പുനര്‍നിര്‍ണയിച്ച ശേഷം നമ്പര്‍ 52 എന്നത് 53 ആയി. കോൺഗ്രസ് പ്രവർത്തകനായ പ്രേം ജോസ് കൂരമറ്റമാണ് വിമത സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.പി. ചന്ദ്രകുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കെ.കെ. രാജേഷും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി എം.എസ്. സിറാജും മത്സരിക്കുന്നു.

എലിക്കുളത്ത് എൽ.ഡി.എഫിനും യു.ഡി.എഫിനും വിമതശല്യം

എലിക്കുളം: എലിക്കുളം പഞ്ചായത്ത് നാലാംവാർഡിൽ യു.ഡി.എഫിന്റെ ഔദ്യോഗികസ്ഥാനാർഥിയായി കോൺഗ്രസിലെ ജോസഫ് തോമസ്. എന്നാൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗം ഭാരവാഹിയായിരുന്ന സാവിച്ചൻ പാംപ്ലാനി സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. ഇത് യു.ഡി.എഫിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

എലിക്കുളം പഞ്ചായത്ത് ഏഴാംവാർഡിൽ കേരളകോൺഗ്രസ്(എം) ജില്ല കമ്മിറ്റിയംഗം മഹേഷ് ചെത്തിമറ്റം സ്വതന്ത്രസ്ഥാനാർഥിയായി മത്സരരംഗത്ത്. എൽ.ഡി.എഫിൽ മത്സരിക്കാൻ അവസരം കിട്ടാതെ വന്നതിനെ തുടർന്ന് മഹേഷ് നാമനിർദേശപത്രിക സമർപ്പിക്കുകയായിരുന്നു. എൽ.ഡി.എഫ് ഈ വാർഡ് ജനാധിപത്യ കേരള കോൺഗ്രസിനാണ് നൽകിയിട്ടുള്ളത്. നിലവിൽ പഞ്ചായത്തംഗമായിരുന്ന ഷേർളി അന്ത്യാംകുളമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫിൽ കോൺഗ്രസിലെ വി.ഐ. അബ്ദുൽകരീമും എൻ.ഡി.എയിൽ പി. അനുപ്രസാദുമാണ് മത്സരിക്കുന്നത്.

Tags:    
News Summary - Rebels in election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.