അനധികൃത കെട്ടിടം പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കുന്നു
എരുമേലി: പഞ്ചായത്തുവക ഭൂമി കൈയേറി നിർമിച്ച ഷെഡ് പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കി. പഞ്ചായത്ത് ഓഫിസിന് സമീപത്തെ പ്രധാന റോഡിനോടു ചേർന്ന നാലര സെന്റ് വരുന്ന ഭൂമിയിലാണ് ഒഴിപ്പിക്കൽ നടപടി ഉണ്ടായത്.
വർഷങ്ങളായി സ്വകാര്യ വ്യക്തി ഭൂമി കൈയേറിയതായും പിന്നീട് ഷെഡ് നിർമിച്ചെന്നും പരാതി ഉയർന്നിരുന്നു. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിലെ പ്രധാന തീരുമാനപ്രകാരമാണ് ഷെഡ് പൊളിച്ചതെന്ന് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. ടൗണിനോട് ചേർന്ന ലക്ഷങ്ങൾ വിലയുള്ള ഭൂമിയിൽ പഞ്ചായത്ത് സ്ഥാപിച്ച ബോർഡ് എടുത്തുനീക്കിയാണ് ഷെഡ് നിർമിച്ചതെന്നും കൈയേറ്റത്തിന് ചില പഞ്ചായത്ത് അധികൃതർ മൗനാനുവാദം നൽകിയെന്നും ആക്ഷേപമുണ്ട്.
ശബരിമല സീസൺ മറയാക്കിയാണ് ഷെഡ് നിർമിച്ചതെന്നും വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മാത്രമാണ് നടപടി ഉണ്ടായതെന്നും നാട്ടുകാർ ആരോപിച്ചു. വിവിധ പദ്ധതികൾക്ക് സ്ഥലം പ്രയോജനപ്പെടുത്തണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കെയാണ് കൈയേറ്റം. എന്നാൽ, പഞ്ചായത്ത് അവകാശപ്പെടുന്ന ഭൂമിക്ക് താൻ കരം അടച്ചു വരുന്നതാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും സ്വകാര്യ വ്യക്തി പറഞ്ഞു. പഞ്ചായത്തിന് ഭൂമിയുടെമേൽ അവകാശം ഇല്ലെന്ന വിവരാവകാശ മറുപടി മുമ്പ് ലഭിച്ചതായും ഇയാൾ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.