കോട്ടയം: കോടികൾ മുടക്കി നവീകരിച്ച നാഗമ്പടം മുനിസിപ്പൽ പാർക്കിൽ വീണ്ടും കാട് നിറയുന്നു. പാർക്കിന്റെ ഒരുവശത്ത് സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്ക്, ഓപൺ സ്റ്റേഡിയം, കമ്പ്യൂട്ടറൈസ്ഡ് മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടെൻ കെട്ടിടം എന്നിവ വള്ളിപ്പടർപ്പ് നിറഞ്ഞ നിലയിലാണ്. കുട്ടികൾക്ക് കളിക്കാനുള്ള റൈഡുകൾ, ഇരിപ്പിടങ്ങൾ എന്നിവയിലും കാട് നിറഞ്ഞു.
ക്രിസ്മസ് അവധി ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. ഇതോടെ കൂടുതൽ കുട്ടികൾ പാർക്കിലേക്ക് എത്തും. ഈ സാഹചര്യത്തിൽ പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. നിലവിൽ അവധി ദിവസങ്ങളിലടക്കം നിരവധി പേരാണ് നഗരഹൃദയത്തെ പാർക്കിലേക്ക് എത്തുന്നത്. എന്നാൽ, വേണ്ടത്ര ശ്രദ്ധയില്ലാത്തതിനാൽ കാട് വെട്ടിനീക്കുന്ന ജോലികളൊന്നും കാര്യക്ഷമമായി നടക്കുന്നില്ല.
പാർക്കിനുള്ളിലെ കുളങ്ങൾ യഥാസമയം വൃത്തിയാക്കുന്നില്ലെന്നും പരാതിയുണ്ട്. കുളങ്ങളിൽ വെള്ളമുണ്ടെങ്കിലും ചപ്പുചവറുകളും മറ്റും നിറഞ്ഞ നിലയിലാണ്.
വർഷങ്ങളായി അടഞ്ഞുകിടന്നതിനൊടുവിൽ 2.07 കോടി മുടക്കി ആധുനികരീതിയിൽ നവീകരിച്ചതിനുശേഷമാണ് പാർക്ക് തുറന്നുനൽകിയത്. ആധുനികരീതിയിലുള്ള കളിക്കോപ്പുകൾ, ഊഞ്ഞാലുകൾ അടക്കം പാർക്കിൽ പുതുതായി സ്ഥാപിച്ചു. പാർക്കിലെ മരങ്ങൾക്ക് ചുറ്റും തിട്ടകെട്ടിയും പുല്ലുകൾ പിടിപ്പിച്ച് പുൽത്തകിടിയും നിർമിച്ചിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പാർക്കിൽ സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. മുതിർന്നവർക്ക് 24 രൂപയും കുട്ടികൾക്ക് 12 രൂപയുമാണ് പ്രവേശന ഫീസ്. വൈകീട്ട് മൂന്ന് മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനം. കോടികൾ മുടക്കി നവീകരിച്ച പാർക്കിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും കാടുകളും മറ്റും വൃത്തിയാക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.