കോട്ടയം: വേനല്‍ കടുക്കുംമുമ്പ് പാൽ ഉൽപാദനത്തിൽ ഇടിവ്. ഡിസംബറിൽ ജില്ലയിൽ പ്രതിദിനം ശരാശരി 6,389 ലിറ്ററിന്റെ കുറവാണുണ്ടായത്. 2023 ഡിസംബറിൽ പ്രതിദിന ഉൽപാദനം 84,519 ലിറ്ററായിരുന്നു. ഇതാണ് കഴിഞ്ഞമാസം 78,130 ലിറ്ററായി കുറഞ്ഞത്. മുൻ വർഷത്തെ അപേക്ഷിച്ച് നവംബറിലും 8,746 ലിറ്ററിന്റെ കുറവുണ്ടായി. സെപ്റ്റംബറിൽ വൻ ഇടിവാണുണ്ടായത്. പ്രതിദിനം 15,014 ലിറ്ററിന്റേതാണ് കുറവ്.
കനത്ത ചൂട് അനുഭവപ്പെടുന്നതിന് മുമ്പുതന്നെ പാൽ ഉൽപാദനത്തിലുണ്ടായ കുറവ് ക്ഷീരവികസന വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. വേനൽ ശക്തിപ്രാപിക്കുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഇനിയും ഉൽപാദനം താഴേക്ക് പോകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. നിലവിൽ തീറ്റപ്പുല്ലിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. വരുംമാസങ്ങളില്‍ തീറ്റപ്പുല്‍ ക്ഷാമം രൂക്ഷമാകും. ഇതോടെ ഉൽപാദനം ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന ഉയർന്ന ചൂടിൽ പുല്ല് വലിയതോതിൽ ഉണങ്ങിപ്പോയിരുന്നു. ഇതിനൊപ്പം ക്ഷീര മേഖലയിൽനിന്നുള്ള കർഷകരുടെ കൊഴിഞ്ഞുപോക്കും ഉൽപാദനത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. ചെലവ് കുത്തനെ കൂടിയതോടെ കന്നുകാലി വളര്‍ത്തല്‍ ഒട്ടേറെപ്പേര്‍ ഉപേക്ഷിച്ചിരുന്നു. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വലിയതോതിലാണ് വർധിച്ചത്. വെറ്ററിനറി മരുന്നുകളുടെ വർധനയും തിരിച്ചടിയായി. ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തതും പശുക്കൾക്ക് ഇടക്കിടെ രോഗം വരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. വയ്ക്കോലിനും തോന്നുംപടിയാണ് വില. ഇതോടെ പശുവളർത്തൽ നഷ്ടത്തിലേക്ക് നീങ്ങുകയും പലരും മേഖലയിൽനിന്ന് പിൻവാങ്ങുകയുമായിരുന്നു. ഫാമുകളുടെ എണ്ണത്തിലും കുറവുണ്ടായി.
റബര്‍ വിലയിടിവിനെ തുടർന്ന് നാല്-അഞ്ച് വർഷങ്ങൾക്ക് മുമ്പ് മലയോരമേ ഖലയിലെ കര്‍ഷകര്‍ കൂട്ടമായി പശുവളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കിയതോടെ വന്‍തോതില്‍ ഫാം മാതൃകയിലും കര്‍ഷകര്‍ രംഗത്തെത്തി. ഇതോടെ പാല് ഉല്പാദനം വര്‍ധിച്ചു. എന്നാൽ, തുടരെ പ്രതിസന്ധികൾ രൂപപ്പെട്ടതോടെ ഇവർ പിന്മാറി. കോവിഡ് കാലത്തും വലിയതോതിൽ പശുവളർത്തലിലേക്ക് ആളുകൾ തിരിഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധി മാറിയതോടെ ഇവരിൽ പലരും പിന്നീട് ഇതിനെ കൈവിട്ടു.
ഇന്സെന്റിവിലും അനിശ്ചിതത്വം
കോട്ടയം: ചെറുകിട ക്ഷീര കർഷകർക്ക് ആശ്വാസമായിരുന്ന ഇൻസെന്റിവിലും അനിശ്ചിതത്വം. ജില്ലയിലെ ക്ഷീര സംഘങ്ങൾ ഉള്‍പ്പെടുന്ന മിൽമ എറണാകുളം മേഖല നൽകി വന്നിരുന്ന ഇൻസെന്റിവ് നിലവിലെ തീരുമാനപ്രകാരം ഈമാസം 31ന് നിലക്കും. ഇതോടെ കർഷകർക്ക് ലഭിക്കുന്ന തുകയിൽ അഞ്ച് രൂപയുടെ കുറവുണ്ടാകും. ലിറ്റർ ഒന്നിന് 10 രൂപയാണ് ഇൻസെന്റിവായി നല്‍കുന്നത്. ഇതിൽ അഞ്ച് രൂപ കർഷകർക്കും നാലുരൂപ സംഘങ്ങളുടെ നടത്തിപ്പിനും ഒരുരൂപ സംഘങ്ങളുടെ യൂനിയൻ ഓഹരി മൂലധനത്തിലേക്കുമാണ് നൽകിയിരുന്നത്. സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് 2024 ആഗസ്റ്റ് 11ന് ആരംഭിച്ച പദ്ധതി പിന്നീട് ജനുവരി 31 വരെ നീട്ടുകയായിരുന്നു.
ഇതിനിടെ, ഇൻസെന്റിവ് മാര്‍ച്ച് 31 വരെ നീട്ടാൻ രണ്ടാഴ്ച മുമ്പ് ചേര്‍ന്ന പൊതുയോഗം തീരുമാനിച്ചിരുന്നു. എന്നാൽ, പൊതുയോഗം സര്‍ക്കാർ അംഗീകരിച്ചില്ല. ഇതോടെ തുടർനടപടി അനിശ്ചിതത്വത്തിലായി. ഇനി മിൽമ എറണാകുളം മേഖല തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വരുന്ന ഭരണസമിതിയാകും ഇതിൽ തീരുമാനമെടുക്കുക. ഏത് ഭരണസമിതി വന്നാലും ഇൻസെന്റിവ് തുടരണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇൻസെന്റിവ് ഉൾപ്പെടെ പല കർഷകര്‍ക്കും ഒരുലിറ്റർ പാലിന് 50 രൂപപോലും സഹകരണ സംഘങ്ങളിൽനിന്ന് ലഭിക്കാത്ത സ്ഥിതിയാണ്. ഇതുകൂടി കുറഞ്ഞാൽ പിടിച്ചുനിൽക്കാൻ കഴിയില്ല. 60 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ, ക്ഷീരമേഖലയിൽ ലാഭനഷ്ടമില്ലാതെ നിലനിന്ന് പോകാൻ കഴിയുകയുള്ളൂവെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.