പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ പട്ടാപ്പകൽ കഴുത്ത് ഞെരിച്ച് കൊന്ന് സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ല പൊലീസ് ചീഫ് വി. അജിത്തിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി നന്ദകുമാർ നേതൃത്വം നൽകുന്ന സംഘത്തിൽ പത്തനംതിട്ട, ആറൻമുള, വച്ചൂച്ചിറ സി.ഐമാരും എസ്.ഐമാരും ഉണ്ട്.
മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെയാണ് (73) ശനിയാഴ്ച വൈകീ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വായിൽ തുണി തിരുകിയും കൈകാലുകൾ കെട്ടിയിട്ട നിലയിലുമായിരുന്നു മൃതദേഹം. നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെയാണ് മൃതദേഹം കടയിൽ നിന്ന് മാറ്റിയത്. ഫോറൻസിക്, വിരലടയാള വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബുധനാഴ്ചയാണ് സംസ്കാരം.
കൊലപാതകം വളരെ ആസൂത്രിതമാണെന്ന് വ്യക്തമാണ്. കൊലപാതകത്തിൽ ഒന്നിലധികം പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. പ്രൊഫഷണൽ കവർച്ച സംഘമാണ് പിന്നിലെന്ന് കരുതുന്നു. ഒമ്പത് പവന്റെ മാലയും പണവും അപഹരിച്ചു.
ചെറുത്തുനിന്ന ജോർജിനെ കെട്ടിയിട്ടും വായിൽ തുണി തിരുകിയും കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. 73 വയസ് ഉണ്ടെങ്കിലും ജോർജ് ആരോഗ്യവാനാണ്. ജോർജിനെയും കടയിലെ സാഹചര്യങ്ങളെയും കുറിച്ച് വ്യക്തമായ അറിവുളളവരാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലിസ് അനുമാനിക്കുന്നത്.
കടയിലെ സി.സി.ടി.വിയും ഹാർഡ് ഡിസ്കും കവർച്ചാ സംഘം കൊണ്ടുപോയി. സമീപത്തെ കടകളിലെയും റോഡിലെയും കാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശനിയാഴ്ച ഉച്ചക്കുശേഷം ജോർജിന്റെ കടയുടെ സമീപത്തുകൂടി പോയ വാഹനങ്ങളെയാണ് നിരീക്ഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൈലപ്രയിലും പരിസരങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിലും വീടുകളിലും പൊലീസ് പരിശോധന നടത്തി. ജോർജിന്റെ വീടിനും കടയ്ക്കും സമീപത്തായി തമസിച്ചിരുന്ന അന്യസംസ്ഥാനക്കാരിൽ ചിലരെ ആറ് മാസത്തോളമായി ഈ ഭാഗത്ത് കാണാനില്ല.
അവരെ വാടകക്ക് താമസിപ്പിച്ചവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാർ നിരീക്ഷണത്തിലാണ്. പൊലീസിനെ അറിയിക്കാതെ സ്ഥലം വിട്ടുപോകരുതെന്ന് ഇവർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.