2023 നോട് വിടപറഞ്ഞ് നാം 2024ലേക്ക് കടക്കുകയാണ്. 2023ൽ നമ്മോടൊപ്പം സഞ്ചരിച്ച പ്രധാന സംഭവങ്ങൾ, നേട്ടങ്ങൾ, നഷ്ടപ്പെടലുകൾ, വേർപിരിയലുകൾ, വിവാദങ്ങൾ തുടങ്ങിയവ ‘മാധ്യമം’ ലേഖകർ ജില്ലയുടെ വിവിധ ബ്യൂറോകളിൽനിന്ന് വായനക്കാരിലേക്ക് ഒരിക്കൽക്കൂടി എത്തിക്കുകയാണ്. മലയോര ജില്ലക്ക് സന്തോഷം പകർന്നതും കണ്ണീരിലാഴ്ത്തിയതുമായ ആ നിമിഷങ്ങളിലൂടെ
കോഴഞ്ചേരി: (മാർച്ച് 13) കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെ തന്നെ പിന്തുണച്ച് എൽ.ഡി.എഫും യു.ഡി.എഫും. രണ്ട് മുന്നണിയുടെയും പിന്തുണയോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. യു.ഡി.എഫ് പിന്തുണച്ചെങ്കിലും എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്നാണ് റോയി ഫിലിപ്പ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായത് നാടകീയരംഗങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് നടപടി തുടങ്ങിയതിന് പിന്നാലെ കോൺഗ്രസ് അംഗം ജിജി വർഗീസ് ജോൺ പ്രസിഡന്റ് സ്ഥാനത്തേക്ക് റോയ് ഫിലിപ്പിന്റെ പേര് നിർദേശിച്ചു. സി.പി.എമ്മിലെ ബിജിലി പി. ഈശോയും റോയി ഫിലിപ്പിന്റെ പേര് തന്നെ നിർദേശിച്ചതോടെ വോട്ടെടുപ്പിനുള്ള സാധ്യത ഇല്ലാതെയായി. എതിരില്ലാതെ റോയ് ഫിലിപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക്.
പന്തളം: 2023ല് പന്തളം നഗരസഭയിൽ അരങ്ങേറിയത് സമാനതകളില്ലാത്ത പ്രതിഷേധമായിരുന്നു. നഗരസഭ കൗൺസിൽ യോഗങ്ങളിൽ ഒട്ടുമിക്ക യോഗങ്ങളും പ്രതിപക്ഷ ബഹളത്തിൽ കലാശിക്കുകയായിരുന്നു. പൊലീസ് നേരിട്ട് ഇടപെട്ടതും നഗരസഭയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ഭരണ-പ്രതിപക്ഷ ബഹളം മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ഏറ്റെടുത്തതോടെ സമരങ്ങൾ തെരുവിലും അരങ്ങേറി. ബഹളത്തിനിടെ പല വികസന പ്രവർത്തനങ്ങളും നടത്താൻ നഗരസഭ തത്ത്വത്തിൽ തീരുമാനിക്കുകയും ചെയ്തു. ഏറെക്കാലമായി മാലിന്യക്കൂമ്പാരമായിരുന്ന പന്തളം മാർക്കറ്റ് നഗരസഭയുടെ മേൽനോട്ടത്തിൽ പൂർണമായും നീക്കം ചെയ്തതും എടുത്തു പറയത്തക്ക നേട്ടമാണ്.
പത്തനംതിട്ട: (ഏപ്രിൽ 18 ) ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം ഒന്നാം സ്ഥാനം സംസ്ഥാനതലത്തിൽ തലത്തിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജില്ലതലത്തിൽ ഒന്നാം സ്ഥാനം ഓമല്ലൂർ പഞ്ചായത്തും കരസ്ഥമാക്കി. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമാണ് ആർദ്ര കേരളം പുരസ്കാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ പോലെയുള്ള ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് മുൻഗണന പട്ടിക തയാറാക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. 2019ൽ ജില്ലതലത്തിലും ചെന്നീർക്കര പഞ്ചായത്ത് ആർദ്ര കേരളം പുരസ്കാരത്തിന് അർഹമായിട്ടുണ്ട്. കൂടാതെ കായകൽപ പുരസ്കാരം നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സിന്റെ (എൻ.ക്യു.എ.എസ്) ദേശീയ ഗുണനിലവാര അംഗീകാരവും നാഷനൽ ഹെൽത്ത് മിഷന്റെ കെ.എ.എസ്.എച്ച് പുരസ്കാരവും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെയും ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരം ലഭിക്കാൻ കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് പറഞ്ഞു.
പന്തളം: സംഘർഷകലുഷിതമായിരുന്നു കലാലയ രാഷ്ട്രീയം. പന്തളം എൻ.എസ്.എസ് കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ മേൽക്കോയ്മ നേടിയതോടെ എ.ബി.വി.പി-എസ്.എഫ്.ഐ സംഘർഷം കോളജിൽ പതിവായി. തെരഞ്ഞെടുപ്പ് ദിവസം തുടങ്ങിയ സംഘർഷം ക്രിസ്മസ് ആഘോഷത്തോടെ അടിയിൽ കലാശിക്കുകയായിരുന്നു. ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത എസ്.എഫ്.ഐ കോളജ് യൂനിയൻ ചെയർമാൻ ഉൾപ്പെടെയള്ളവരെ എ.ബി.വി.പി കൈയേറ്റം ചെയ്യുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ആർ.എസ്.എസിന്റെ പന്തളത്തെ കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയതോടെ പന്തളത്ത് ബി.ജെ.പി-സി.പി.എം പോർവിളിയിലേക്ക് നീങ്ങുകയും ചെയ്തു.
അടൂർ: (ജൂലൈ) ഭർത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചിട്ടുവെന്ന ഭാര്യയുടെ മൊഴിയും തെളിവെടുപ്പിനും ശേഷം തൊട്ടടുത്ത ദിവസം നൗഷാദ് ജീവനോടെ തൊടുപുഴയിൽ. പത്തനംതിട്ട കൂടൽ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കേസിൽ നടന്ന വമ്പൻ ട്വിസ്റ്റിൽ ഞെട്ടി കേരളം. ഇരുവരും തമ്മിൽ വഴക്ക് പതിവായതോടെ അഫ്സാനയുടെ സുഹൃത്തുക്കളെത്തി നൗഷാദിനെ ക്രൂരമായി മർദിച്ചിരുന്നു. തലക്കടിയേറ്റു വീണ നൗഷാദ് ബോധമറ്റ് കിടന്നതോടെ മരിച്ചെന്ന് കരുതി അഫ്സാന വീടുവിട്ടിറങ്ങി. പിറ്റേദിവസം ബോധം തെളിഞ്ഞപ്പോൾ ആരോടും പറയാതെ ഇടുക്കിയിലേക്ക് പോകുകയായിരുന്നുവെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു. എന്നാൽ, ഇതറിയാതെ രാവിലെ മടങ്ങിവന്ന അഫ്സാന നൗഷാദിനെ കാണാതെ കുഴങ്ങി. 2021 നവംബർ ഒന്നുമുതലാണ് നൗഷാദിനെ കാണാതായത്.
പത്തനംതിട്ട: പുനലൂർ-മൂവാറ്റുപുഴ പാതയിൽ വാഹനങ്ങളുടെ അമിത വേഗം കാരണം ഒരു വർഷത്തിനിടെ ഒമ്പതു മരണമാണ് സംഭവിച്ചത്. മൈലപ്ര മുതൽ കുമ്പഴവരെ ഒന്നര കിലോമീറ്ററിൽ ചോര ഉണങ്ങാതായിട്ട് നാളുകളേറെയായി. പഞ്ചായത്തുപടി, പള്ളിപ്പടി, വില്ലേജ് ഓഫിസ് പടി, കുമ്പഴ വടക്ക് തുടങ്ങി എല്ലാ സ്ഥലവും അപകടമേഖലയായി മാറിയിരിക്കുന്നു. തുടർച്ചയായുള്ള അപകടമരണങ്ങൾ ഈ റോഡിൽ സഞ്ചരിക്കാൻ യാത്രക്കാരെ പേടിപ്പെടുത്തുന്നുണ്ട്.
ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രണം സമാനതകളില്ലാത്ത വിധം പാളിയത് തീർഥാടകരെ തീരാദുരിതത്തിലാക്കി. പൊലീസ് വാഹനങ്ങൾ വഴിയിൽ തടയുകയും തീർഥാടകരെ ശരണപാതയിൽ വടംകെട്ടി തടഞ്ഞുനിർത്തുകയും ചെയ്തതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അയ്യപ്പഭക്തർ 24 മണിക്കൂറിലധികം ക്യൂവിൽ കഴിയേണ്ടിവന്നു. ഇതേതുടർന്ന് ശബരിമലയാത്ര ഉപേക്ഷിച്ച് പന്തളം, നിലക്കൽ, അച്ചൻകോവിൽ ക്ഷേത്രങ്ങളിലെത്തി മടങ്ങിയതും പോയവർഷത്തെ വേറിട്ട കാഴ്ചയായി.
ചിറ്റാർ: (മാർച്ച് 13) കോന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്ഡില് ഒരു കിലോമീറ്റര് ചുറ്റളവിലെ പ്രദേശത്തെ പന്നിപ്പനി രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയാൻ ജില്ല ഭരണകൂടമാണ് നടപടികൾ സ്വീകരിച്ചത്. ഈ സ്ഥലത്തിന്റെ 10 കിലോമീറ്റര് ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തുനിന്ന് പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതും മൂന്നു മാസത്തേക്ക് നിരോധിക്കുകയായിരുന്നു.
പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റുമായി സ്റ്റോപ്പുകളിൽ നിർത്തി പത്തനംതിട്ട-കോയമ്പത്തൂർ സർവിസ് നടത്തിയ റോബിൻ എന്ന സ്വകാര്യ ബസിനെ കേരളത്തിലും തമിഴ്നാട്ടിലും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴചുമത്തിയത് വിവാദമായി. ഒടുവിൽ ബസ് കസ്റ്റഡിയിലെടുക്കുകയും രണ്ട് ലക്ഷത്തോളം രൂപ പിഴയടച്ച് ഉടമ ബസ് പുറത്തിറക്കുകയും ചെയ്തു.
കോൺട്രാക്ട് കാര്യേജ് ബസാണ് റോബിനെന്നും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ഇത്തരം ബസുകൾക്ക് ഡെസ്റ്റിനേഷൻ ബോർഡ് (യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലം) വെക്കാനും ഇടക്ക് യാത്രക്കാരെ കയറ്റാനും അനുവാദമില്ലെന്നും പറഞ്ഞായിരുന്നു എം.വി.ഡി നടപടി.
റാന്നി: റാന്നി പഞ്ചായത്തിലെ സമവാക്യങ്ങൾ മാറി മറിഞ്ഞ വർഷമാണ് കഴിഞ്ഞുപോകുന്നത് . ഏഴാം വാർഡായ പുതുശ്ശേരിമലയിൽ ബി.ജെ.പി അംഗം രാജിവെച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് വേണ്ടിവന്നു. പിന്നീട് നടന്ന തെരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് സ്ഥാനാർഥി അജിമോൻ വിജയിച്ചു. എല്.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ യു.ഡി.എഫ്, ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റായ കെ.ആര്. പ്രകാശ് അവിശ്വാസത്തിനു മുമ്പേ രാജിവെച്ചു. വെള്ളിയാഴ്ച ഉച്ചക്ക് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.
13 അംഗ കമ്മിറ്റിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. കേരള കോൺഗ്രസ് എമ്മിലെ ശോഭ ചാർളിയാണ് തുടക്കത്തിൽ പ്രസിഡന്റായത്. സ്വതന്ത്രന്റെ പിന്തുണയോടെ കോൺഗ്രസിലെ സിന്ധു സഞ്ജയനും വൈസ് പ്രസിഡന്റായി. പിന്നാലെ കേരള കോൺഗ്രസ് അംഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിനൊപ്പം കൂടി. ഇതോടെ എൽ.ഡി.എഫിന് ആറ് അംഗങ്ങളുടെ പിന്തുണയായിരുന്നു. തുടർന്ന് കോൺഗ്രസിലെ നാല് അംഗങ്ങളും സ്വതന്ത്രനും ചേർന്ന് ശോഭ ചാർളിക്കെതിരെ അവിശ്വാസത്തിനു നോട്ടീസ് നൽകിയിരുന്നു. പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രൻ കെ.ആർ. പ്രകാശ് പ്രസിഡന്റായി. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഭൂരിപക്ഷത്തിനു ഏഴുപേരുടെ പിന്തുണ വേണം. അത് ഇപ്പോൾ എൽ.ഡി.എഫ് ഉറപ്പിച്ചിരിക്കുകയാണ്.
റാന്നി: റാന്നി-കോഴഞ്ചേരി റോഡിലെ പുതമൺ പാലം ബലക്ഷയത്തെ തുടർന്ന് അടച്ചു. 2023 ജനുവരി 25ന് വൈകീട്ടാണ് തൂണിന് ബലക്ഷയം കണ്ടത്. ഇതിനെ തുടർന്ന് ജനം വലഞ്ഞു.
റാന്നിക്കാർക്ക് കോഴഞ്ചേരിക്കും തിരുവല്ലക്കും പോകണമെങ്കിൽ അധികം കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട സ്ഥിതി. തകർന്ന ചെറുകോൽപുഴ റോഡ് വഴിയുള്ള യാത്ര ദുരിതത്തിലായി.
ഇന്നും ആ ദുരിതം തുടരുന്നു. താൽക്കാലിക വഴിയുടെ പണി നടക്കുന്നുണ്ടെങ്കിലും പൂർത്തിയാകാൻ കാത്തിരിക്കുകയാണ് യാത്രക്കാർ. പണി വൈകുന്നതിൽ പ്രതിഷേധവും ശക്തമായിരുന്നു.
കോന്നി: 2023 വിടപറയുമ്പോൾ കോന്നിയിലെ പൊതുനിരത്തിൽ അപകടങ്ങളിൽ പൊലിഞ്ഞത് അഞ്ച് ജീവൻ. 117 വാഹനാപകടങ്ങളാണ് കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തത്.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയായി വരുന്നതോടെ നിരവധി അപകടങ്ങളാണ് കോന്നിയിൽ നടക്കുന്നത്. .ട്രാഫിക് സിഗ്നൽ ഉൾപ്പെടെയുള്ളവ പൂർണമായി സ്ഥാപിച്ചാൽ മാത്രമേ അപകടങ്ങൾ കുറക്കാനും കഴിയൂ. അമിത വേഗവും അശ്രദ്ധയും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. മല്ലശേരിമുക്കിൽ വാഹന അപകടത്തിൽ കുഞ്ഞ് മരിക്കുന്നതും വകയാറിൽ സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽ മരിച്ചതും പ്രധാന സംഭവങ്ങൾ ആയിരുന്നു.
പോക്സോ കേസുകളുടെ എണ്ണത്തിലും ആത്മഹത്യകളുടെ എണ്ണത്തിലും കുറവില്ല. കോന്നിയിൽ 31 പേർ ആത്മഹത്യ ചെയ്തപ്പോൾ 10 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൊബൈൽ വാങ്ങി നൽകാത്ത വിഷമത്തിൽ ആറാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചതും ഈ വർഷമായിരുന്നു.
അച്ഛൻകോവിലാറ്റിൽ ചാടി മരിച്ചവരും ഈ വർവും അധികമാണ്. കോന്നി പാലത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്ന ആളുകളുടെ എണ്ണവും വർഷം തോറും വർധിക്കുന്നു. 2024 ൽ ഇത്തരം കേസുകൾ കുറയും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
2023 ഏപ്രിൽ 24 നാണ് കോന്നി മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത്. നവംബർ15ന് ആദ്യ എം.ബി.ബി.എസ് ബാച്ച് പ്രവേശനം നേടി.
ഡിസംബർ നാലിന് കൊക്കാത്തോട് കടുവയുടെ ജഡം കണ്ടെത്തുകയും ജൂലൈ 20ന് അതുമ്പുംകുളത്ത് കടുവയുടെ ജഡം കണ്ടെത്തുകയും ചെയ്തു. സെപ്റ്റംബർ 21ന്ഇഞ്ചപ്പാറയിൽ പുലി കൂട്ടിലായി.
ജസ്റ്റിസ് ഫാത്തിമ ബീവി
പത്തനംതിട്ട: (നവംബർ 23) സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയും തമിഴ്നാട് മുൻഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. ആദ്യ മുസ്ലിം വനിത ഗവർണർ, ഹൈകോടതിയിലെ ആദ്യ മുസ്ലിം വനിത ജഡ്ജി, പിന്നാക്ക വിഭാഗ കമീഷൻ ആദ്യഅധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമീഷൻ അംഗം തുടങ്ങി വിവിധ പദവികളിലൂടെ ജസ്റ്റിസ് ഫാത്തിമ ബീവി ചരിത്രത്തിലിടം നേടി.
1927 ഏപ്രിൽ 30ന് പത്തനംതിട്ട പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി ജനിച്ച ഫാത്തിമ 14 നവംബർ 1950നാണ് അഭിഭാഷകയായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1958ൽ സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968ൽ സബ് ഓർഡിനേറ്റ് ജഡ്ജായി ഉയർത്തപ്പെട്ടു. പിന്നീട് 1972ൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റായും 1974ൽ ജില്ല, സെഷൻസ് ജഡ്ജുമായി. 1980 ജനുവരിയിൽ ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി. 1984 ഹൈകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 ൽ തന്നെ ഹൈകോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29ന് ഹൈകോടതിയിൽനിന്ന് വിരമിച്ചു. പക്ഷേ, 1989 ഒക്ടോബർ ആറിന് സുപ്രീംകോടതിയിൽ ജഡ്ജിയായി നിയമനം ലഭിച്ചു. 1992 ഏപ്രിൽ 29 വിരമിച്ചു.
എം.വി. വിദ്യാധരൻ
റാന്നി: സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ അംഗവും ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാനുമായ റാന്നി ഇടമൺ അരീകുഴി തടത്തിൽ എം.വി. വിദ്യാധരൻ (62) വിടപറഞ്ഞു. എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന ട്രഷററും ജില്ല പ്രസിഡന്റുമായിരുന്നു. എ.ഐ.വൈ.എഫിലൂടെ പൊതുരംഗത്ത് എത്തിയ വിദ്യാധരൻ 1978ൽ സി.പി.ഐയിൽ ചേർന്നു.
സി.പി.ഐ വെച്ചൂച്ചിറ, നാറാണംമൂഴി ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു. സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി, ജില്ല അസി. സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി, റാന്നി താലൂക്ക് വികസന സമിതി അംഗം, ഹോസ്പിറ്റൽ വികസന സമിതി അംഗം, റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിരവധി ബഹുജന സംഘടന ഭാരവാഹിയായിരുന്നു.
പി.ആർ. പ്രദീപ്
പത്തനംതിട്ട: (മേയ് 5) ജില്ലയുടെ ഭാവി രാഷ്ട്രീയ പ്രതീക്ഷയായിരുന്ന സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിനെ (46) ഇലന്തൂർ വലിയവട്ടത്തെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലന്തൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐയിലൂടെയാണ് പാർട്ടിയിൽ എത്തിയത്. കഴിഞ്ഞ സമ്മേളന കാലത്താണ് ഏരിയ സെക്രട്ടറിയായത്. നല്ലൊരു കർഷകൻ കൂടിയായിരുന്നു പ്രദീപ് മികച്ച പ്രഭാഷകനുമായിരുന്നു.
മാത്യു വീരപ്പള്ളി
അടൂർ: പ്രമുഖ ബിൽഡറും സി.എം.പി സംസ്ഥാന കൗൺസിൽ അംഗവുമായ പന്നിവിഴ വീരപ്പള്ളിൽ മാത്യു വീരപ്പള്ളി (63) നിര്യാതനായി.
കൊടുമൺ ജി. ഗോപിനാഥൻ നായർ
കൊടുമൺ: (മേയ് 8) ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിൽ പ്രമുഖനും തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി ശ്രദ്ധേയമായ പോരാട്ടങ്ങൾ നടത്തിയ വ്യക്തിയുമായിരുന്ന കൊടുമൺ ജി. ഗോപിനാഥൻ നായർ (90) മരണപ്പെട്ടു. എ.ഐ.സി.സി അംഗവും പ്ലാന്റേഷൻ കോർപറേഷൻ മുൻ ചെയർമാനും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും റബർ ബോർഡ് മെംബറുമായിരുന്നു.
കോന്നിയൂർ രാധാകൃഷ്ണൻ
കോന്നി: ദേശീയ അധ്യാപക പുരസ്കാര ജേതാവ് കോന്നി പൗർണകോന്നി പൗർണമിയിൽ കോന്നിയൂർ രാധാകൃഷ്ണൻ (82) നിര്യാതനായി. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന കോന്നിയൂർ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.