കോട്ടയം: കുറിച്ചിയിലെ ധനകാര്യസ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ. കൂട്ടുപ്രതി പത്തനംതിട്ട കലഞ്ഞൂർ സ്വദേശി അനീഷ് ആന്റണി പിടിയിലായെങ്കിലും ആസൂത്രകനായ മുഖ്യപ്രതിയെ കിട്ടാത്തതിനാൽ തൊണ്ടിമുതൽ കണ്ടെത്താനായിട്ടില്ല. 15 മോഷണക്കേസുള്ള ഇയാൾ തോക്ക് അടക്കം ആയുധങ്ങൾ കൈവശംവെച്ചു നടക്കുന്നയാളാണ്. ഇയാളെ സഹായിക്കുക മാത്രമാണ് പിടിയിലായ അനീഷ് ആന്റണി ചെയ്തിട്ടുള്ളത്. മോഷ്ടിച്ച സ്വർണം എവിടെയാണെന്ന് അനീഷിന് അറിവില്ല.
കുറച്ച് പണം മാത്രമേ നൽകിയിട്ടുള്ളൂ എന്നാണ് അനീഷ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണ്. കുറിച്ചിയിലെ മോഷണത്തിനുശേഷം സമാന രീതിയിൽ കൊടകരയിൽ ഇവർ മോഷണശ്രമം നടത്തിയിരുന്നു. ലോക്കർ തകർക്കാൻ കഴിയാതിരുന്നതിനാൽ കവർച്ച ശ്രമം വിജയിച്ചില്ല. ഇതു സംബന്ധിച്ച അന്വേഷണത്തിലാണ് കുറിച്ചിയിലെ സംഘം തന്നെയാണ് ഇവിടെയും എത്തിയതെന്നു വ്യക്തമായത്.
ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അനീഷിനെ എറണാകുളത്തുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വന്ന ബൈക്കും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുഖ്യപ്രതിയുടെ വിവരങ്ങൾ അവിടുത്തെ പൊലീസിനു കൈമാറി. വിളിപ്പിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ ഇയാൾ സംശയം തോന്നി അനീഷിനെ ഫോണിൽ വിളിച്ചു. അനീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ അപകടം മണത്ത് സ്റ്റേഷനിൽനിന്ന് ഓടി കടന്നുകളയുകയായിരുന്നു. കുപ്രസിദ്ധ ക്രിമിനലായിട്ടും കേസ് വിവരങ്ങൾ അറിഞ്ഞിട്ടും കൂടൽ പൊലീസ് ഇയാളെ വിളിച്ചുവരുത്തുമ്പോൾ മുൻകരുതലെടുത്തില്ലെന്ന ആക്ഷേപം അന്വേഷണസംഘത്തിനുണ്ട്.
കുറിച്ചി മന്ദിരം ജങ്ഷനിലെ സുധ ഫിനാൻസിൽനിന്നാണ് ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായി 1.25 കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയും മോഷ്ടിച്ചത്. ആദ്യദിവസം സ്വർണം പൂർണമായി കൊണ്ടുപോകാൻ കഴിഞ്ഞില്ല. രണ്ടാം ദിവസം ബാക്കിയുള്ളതും എടുത്ത് ബൈക്കിൽ മടങ്ങുകയായിരുന്നു. അറസ്റ്റിലായ അനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. നാലുദിവസത്തെ കസ്റ്റഡിക്കുശേഷം കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.