കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ അന്വേഷണ കൗണ്ടർ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസ്
കോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ അന്വേഷണക്കൗണ്ടർ നിർത്തലാക്കി. കൗണ്ടറിലിരിക്കുന്ന കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സർവിസിനുപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ബസുകളുടെ വിവരങ്ങൾ വിളിച്ചുപറയലും ഇനിയുണ്ടാവില്ല. ബുക്കിങ് കൗണ്ടറിന്റെ സമയം പരിമിതമാക്കുകയും ചെയ്തു. അതേസമയം സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് പ്രവർത്തിക്കും.
സർക്കാർ തലത്തിലുള്ള മാറ്റമാണിതെന്നും പകരം സംവിധാനം ആലോചിക്കുന്നുണ്ടെന്നും ഡി.ടി.ഒ പറയുന്നു. അന്വേഷണ കൗണ്ടറിൽ കണ്ടക്ടർമാരെയോ ഡ്രൈവർമാരെയോ ആണ് നിയോഗിക്കാറുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിൽ മൂന്നുപേർ ഡ്യൂട്ടിക്കുവേണം. പൊതുവേ ജീവനക്കാർ കുറവായതിനാൽ ഇവരെ ലൈനിലേക്ക് മാറ്റാനാണ് നിർദേശം.
മുന്നറിയിപ്പില്ലാതെ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാരാണ് വലഞ്ഞത്. ബസ് സമയം അറിയാനോ ഏതൊക്കെ ബസ് എത്തിയെന്നോ എപ്പോൾ പുറപ്പെടുമെന്നോ അറിയാൻ ഒരു വഴിയുമില്ല. കോട്ടയം ഡിപ്പോയിൽ പുതിയ കെട്ടിടത്തിലാണ് സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിനോടുചേർന്ന് കൗണ്ടർ പ്രവർത്തിച്ചിരുന്നത്. മുന്നിൽ ബസുകൾ വരിവരിയായി ബസ് നിർത്തിയിട്ടാൽ അപ്പുറത്തുവന്നുനിൽക്കുന്ന ബസുകൾ ശ്രദ്ധയിൽ പെടില്ല. നേരത്തെ, വിളിച്ചുപറയൽ ഉണ്ടായിരുന്നതുകൊണ്ട് അറിയാമായിരുന്നു. അതേ സമയം പകരം സംവിധാനം എന്താണെന്നോ എന്നുവരുമെന്നാ അധികൃതർക്ക് അറിയില്ല.
കോട്ടയം: ഡിപ്പോയിലെ കെ.എസ്.ആര്.ടി.സിയുടെ ബുക്കിങ്ങ് കൗണ്ടര്‍ രാവിലെ അഞ്ചുമുതല്‍ വൈകീട്ട് അഞ്ചുവരെയാക്കി ചുരുക്കി. ജില്ലയിലെ കെ.എസ്.ആര്.ടി.സിയുടെ ഏക ബുക്കിങ് കൗണ്ടറാണ് കോട്ടയം ഡിപ്പോയിലേത്. താഴത്തെ നിലയില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോൾ പ്രവർത്തനം രണ്ടാം നിലയിലെ ഓഫിസില്‍ കാഷ് കൗണ്ടറിലേക്ക് മാറ്റി.
ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. ബുക്കിങ് കുറഞ്ഞാൽ ആ പേരിൽ ഇതും നിർത്തലാക്കുമെന്നാണ് സൂചന. ദിനംപ്രതി നൂറിനടുത്ത് ടിക്കറ്റുകൾ കൗണ്ടര്‍ വഴി ബുക്ക് ചെയ്തിരുന്നു. മലബാറിലേക്കുള്ള സ്ഥിരം യാത്രക്കാര്‍, ബംഗളൂരു, മംഗലാപുരം മേഖലയിലേക്കുള്ള വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍, തമിഴ്നാട് സ്വദേശികള്‍ എന്നിവരാണ് ബുക്കിങ്ങിന് എത്തുന്നവരില്‍ ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.