കോട്ടയം: കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട നേതാവ് അറസ്റ്റിൽ. കുടമാളൂര്‍ മന്നത്തൂര്‍ അരുണ്‍ ഗോപനെയാണ്(31) ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഒന്നരവർഷമായി ഒളിവിലായിരുന്നെങ്കിലും കോട്ടയത്തെ ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു.
2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിലാണ് അറസ്റ്റ്. ഈ കേസിലെ മുഖ്യസൂത്രധാരനാണ് അരുണ്‍ ഗോപനെന്ന് പൊലീസ് പറഞ്ഞു.
ഏറ്റുമാനൂരിൽ എക്സൈസ് 65 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വാഹന തട്ടിപ്പ് കേസുണ്ട്. തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കേസുണ്ട്.
പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഒന്നര വർഷമായി പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. അടുത്തിടെ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചു. ജില്ല പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ടീം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മഞ്ചേരിയിലെ ഒളിത്താവളം കണ്ടെത്തി. ചൊവാഴ്ച രാത്രി ഇവിടെയെത്തിയ രഹസ്യ ടീം പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
'ബോസ്' എന്ന പേരിലായിരുന്നു ഇവിടെ അറിയപ്പെട്ടിരുന്നത്. കുട്ടികൾക്കും യുവാക്കൾക്കിടയിൽ ലഹരിമരുന്നു വിൽപന നടത്തിയും, പലിശക്ക് പണം നൽകിയും വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.എം. ജോസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ റെനീഷ് ഇല്ലിക്കൽ, കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം.എസ്.നായർ, കെ.ആർ. ശ്രാവണ്‍, വി.കെ. അനീഷ് , കെ.ആർ. ബൈജു, എസ്.അരുണ്‍, നിതാന്ത് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.