കോട്ടയം: ജില്ല പഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതികളിൽ പകുതിപോലും നടപ്പിലാക്കിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. വാർഷിക പദ്ധതിപ്രകാരം ആവിഷ്ക്കരിച്ച 778 പദ്ധതികളിൽ 386 എണ്ണം മാത്രമാണ് നടപ്പിലാക്കിയതെന്ന് 2022-23 വർഷത്തെ ജില്ല പഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
പട്ടികജാതി വികസന ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസർ(അലോപ്പതി) എന്നിവർ 10 ശതമാനത്തിൽ താഴെ തുക മാത്രം ചെലവഴിച്ചപ്പോൾ, കുടുബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല.
അതേസമയം, കഴിഞ്ഞവർഷം വകയിരുത്തിയ മുഴുവൻ തുകയും ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ), ജില്ല മെഡിക്കൽ ഓഫിസർ (ആയുർവേദം ), ചീഫ് മെഡിക്കൽ ഓഫിസർ, ജില്ല ആശുപത്രി (ആയുർവേദം) എന്നിവർ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 778 പദ്ധതികളിൽ 496 ന്റെയും നിർവഹണ ചുമതല എഞ്ചിനീയറിങ് വിഭാഗത്തിനായിരുന്നു; (64 ശതമാനം).
ഇതിൽ 231 പദ്ധതികൾക്ക് മാത്രമാണ് തുക വിനിയോഗിക്കാനായത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിർവഹണ ചുമതലയുണ്ടായിരുന്ന 202 പദ്ധതികളിൽ 86 എണ്ണത്തിനു വേണ്ടി മാത്രമാണ് തുക വിനിയോഗിക്കാൻ സാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. തുക വിനിയോഗിച്ച പല പദ്ധതികളും അന്തിമമായി പൂർത്തീകരിച്ചിട്ടുമില്ല.
കുട്ടികളുടെ ദന്തക്ഷയ പ്രതിരോധത്തിനായി വിഭാവനം ചെയ്ത സ്മൈല്‍ പ്ലീസ് പദ്ധതിയില്‍ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങളോ ഇവര്‍ക്ക് നൽകിയ സേവനങ്ങള്‍ സംബന്ധിച്ചോ വ്യക്തതയില്ല.
ജില്ല ഹോമിയോ ആശുപത്രിയിലേക്ക് ആവശ്യമുള്ള മരുന്നുകൾക്കായി ഹോംകോക്ക് ഏട്ടുലക്ഷം രൂപ മുന്‍കൂറായി നല്‍കിയിട്ടും 4.76 ലക്ഷം രൂപയുടെ മരുന്നുകള്‍ മാത്രമാണ് ലഭിച്ചത്. ക്ഷീര വികസന പദ്ധതികള്‍ക്കായി ചെലവഴിച്ച പണത്തിന്റെ വിനിയോഗ വിവരങ്ങള്‍ ലഭ്യമല്ല.
മണര്‍കാട് പൗള്‍ട്രി ഫാം മുഖേന നടപ്പാക്കിയ ഗ്രാമസമൃദ്ധി പദ്ധതിയുടെ മതിയായ രേഖകളില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈഫ് പദ്ധതിക്കായി വിവിധ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു നല്കിയ വിഹിതത്തിന്റെ വിനിയോഗ വിവരം ലഭ്യമാക്കിയിട്ടില്ല.
ജല്‍ ജീവന് പദ്ധതി പുരോഗമിക്കുന്നതിനിടെ, ചെറുകിട ജലപദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത് നേരിട്ട് പണം ചെലവഴിക്കുന്നത് ഗുണകരമല്ല. ചെറുകിട പദ്ധതികള്‍ ജല്‍ ജീവനുമായി സംയോജിപ്പിക്കാന്‍ കഴിയാത്തത് പണനഷ്ടത്തിനിടയാക്കുന്നു. തലയാഴം പഞ്ചായത്ത് ഒമ്പതാംവാർഡിലെ വയോജനവിശ്രമകേന്ദ്രത്തിന്റെ നിർമാണത്തിൽ അപാകതകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ല പഞ്ചായത്ത് ഓഡിറ്റോറിയം നവീകരണത്തിന്റെ ഭാഗമായി 1.5 ടണ്ണിന്റെ രണ്ട് എ.സി വാങ്ങിയെങ്കിലും രണ്ടും ഓഡിറ്റോറിയത്തില്‍ കാണുന്നില്ല. പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളതും വാങ്ങിയതുമായ ഉപകരണങ്ങൾ സ്റ്റോക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
കുറിച്ചി ഹോമിയോ ആശുപത്രിയിൽ സീതാലയം പദ്ധതിയിൽ ഉൾപ്പെടുത്തി ഫിസിയോതെറപ്പി യൂനിറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പലതിന്റെയും കവർ പോലും പൊട്ടിച്ചിട്ടില്ല. നിലവില്‍ ആശുപത്രിയില്‍ ഫിസിയോ തെറപ്പിസ്റ്റ് തസ്തികയില്ല. ദിവസ വേതനാ ടിസ്ഥാനത്തില്‍ പോലും ഒരാളെ നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
എസ്.സി, എസ്.ടി. ഉദ്യോഗാര്‍ഥികള്‍ക്ക് കെ.എ.എസ്-പി.എസ്.സി. പരിശീലനം നല്‍കുന്നതിനായി ആരംഭിച്ച പദ്ധതി ലക്ഷ്യം കൈവരിച്ചില്ല. കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിങ് കമ്പനി വഴി വിവിധ ഭാഗങ്ങളിലായി ഹൈമാസ്റ്റ്-മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ ഗുരുതര പിഴവുകളുള്ളതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.