നെൽകർഷകരുടെ കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് നടത്തിയ ധർണയിൽ സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അരി വിതരണം ചെയ്യുന്നു
കോട്ടയം: മാസങ്ങൾക്കു മുമ്പേ കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ വില ഓണമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ചു തിരുനക്കര പാഡി -സപ്ലേകോ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രതിരോധം. സർക്കാർ മാസങ്ങൾക്കു മുമ്പ് നെല്ല് സംഭരിച്ച് അമിത വിലയ്ക്ക് വിപണിയിൽ വിറ്റിട്ടും കർഷകർക്ക് ഓണമുണ്ണാൻ കുടിശ്ശിക നൽകാതെ വഞ്ചിച്ചതായി ഉദ്ഘാടനം ചെയ്ത തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സ്വന്തം നെല്ല് സർക്കാറിന് വിറ്റിട്ടും ഓണമുണ്ണാൻ നെൽ കർഷകർ തെണ്ടേണ്ട ഗതികേടിലാണ്. ഓണമായിട്ടുപോലും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാറിന് ആവുന്നില്ലെന്നും വിലക്കയറ്റമാണ് പാവപ്പെട്ടവർക്കു സർക്കാറിന്റെ ഓണസമ്മാനമെന്നും അദ്ദേഹം പറഞ്ഞു.സൗജന്യ അരി വിതരണവും നടത്തി. ജില്ല ചിഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പാടശേഖരത്തിൽ 200 ഹെക്ടർ കൃഷി ചെയ്ത് സർക്കാറിന് 30 ലോഡ് നെല്ല് നൽകിയ ഇനത്തിൽ 84 ലക്ഷം കുടിശ്ശിക കിട്ടാനുള്ള കർഷൻ മദൻലാൽ കാഞ്ഞിരം മുഖ്യപ്രഭാഷണം നടത്തി. ജി. ജഗദീഷ് സ്വാമി, അൻസാരി ഈരാറ്റുപേട്ട, കെ.എം. ഖാലിദ്, ബിജു കണിയാമല, സന്തോഷ് മൂക്കാലിക്കാട്ട്, ഷെമീർ മുതിരപ്പറമ്പിൽ, ബിബിൻ ശൂരനാടൻ, ബിജു തെക്കേടം, ബിജു തോട്ടത്തിൽ, നൗഷാദ് കീഴേടത്ത്, നിയാസ് പുളിക്കയിൽ, ശ്രീലക്ഷ്മി, കെ.എം. റഷീദ്, സാബു കല്ലാച്ചേരിൽ, കെ.പി നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.